കുവൈറ്റ് : കുവൈറ്റില്‍ മഴക്കെടുതി നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവരുടെ ബാങ്ക് അകൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്തതായി സാമൂഹ്യക്ഷേമ മന്ത്രി അറിയിച്ചു. പ്രളയനഷ്ടപരിഹാര അതോറിറ്റിയില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നാണ് അര്‍ഹരായവരെ കണ്ടെത്തിയത്.
വാഹനം കേടുപാടുകള്‍ സംഭവിച്ചവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ധനസഹായം നല്‍കിയത്. ആദ്യഗഡുവായി ആകെ 30,000 കുവൈത്തി ദിനാര്‍ വിതരണം ചെയ്തതായി തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രിയും നഷ്ടപരിഹാര സെല്‍ മേധാവിയുമായ ഹിന്ദ് സബീഹ് പറഞ്ഞു. ബാക്കി അടുത്ത ഘട്ടത്തില്‍ നിക്ഷേപിക്കും. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചവരെയാണ് നഷ്ടപരിഹാരത്തിന് ആദ്യം പരിഗണിക്കുന്നത്.
മഴക്കെടുതിയില്‍ നാശം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തിന് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇക്കാര്യത്തില്‍ സ്വദേശി വിദേശി വിവേചനം ഉണ്ടാകില്ലെന്നും അര്‍ഹരായ ആരോടും അനീതി കാണിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞമാസം കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നിരവധി പേരുടെ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നഷ്ടം സംഭവിച്ചത്.
Post Your Comments