വാഷിങ്ടണ്‍: ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയില്‍നിന്ന് യു.എസ്. സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. യു.എസ്. സൈനികവക്താവാണ് ഇക്കാര്യം അറിയിച്ചത്.
തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ചത്. സിറിയയിലെ ബാക്കി ഐ.എസ്. ഭീകരരെ പൂര്‍ണമായും തുടച്ചുനീക്കുമെന്ന് ഉര്‍ദുഗാന്‍ ഉറപ്പ് നല്‍കിയതായി ട്രംപ് പറഞ്ഞു.
ട്രംപും ഉര്‍ദുഗാനും ഞായറാഴ്ച ടെലിഫോണില്‍ സംസാരിച്ചതായും ഇരുരാജ്യങ്ങളും തമ്മില്‍ സൈനിക, നയതന്ത്ര മേഖലകളില്‍ ബന്ധം ശക്തമാക്കാന്‍ ധാരണയായതായും ഉര്‍ദുഗാന്റെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
സിറിയയിലുള്ള യു.എസ്. സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാനുള്ള തീരുമാനം ബുധനാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. സിറിയയില്‍നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്താനാണ് തങ്ങള്‍ സൈന്യത്തെ നിയോഗിച്ചതെന്നും ഐ.എസിന്റെ പരാജയം മേഖലയില്‍ പൂര്‍ണമായ സാഹചര്യത്തിലാണ് സൈന്യത്തെ പിന്‍വലിക്കുന്നതെന്നുമാണ് ട്രംപ് ഇതിന് നല്‍കിയ വിശദീകരണം.
Post Your Comments