കൊച്ചി: ഒന്നുമില്ലാത്തവന്റെ റേഷൻ അരി തട്ടിയെടുക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമമെന്ന് കെ.വി. തോമസ് എംപി. ‘‘നിങ്ങളുടെ റേഷൻ വിട്ടു നൽകൂ, അതു മറ്റു ചിലരുടെ വിശപ്പകറ്റും’’ എന്ന പരസ്യം പാവപ്പെട്ടവന്റെ അന്നത്തിൽ കൈയിട്ടു വാരുന്നതിനു സമമാണ്. ഇതിനെതിരെ ഇന്നു ഗവർണറെ കണ്ടു പരാതി നൽകുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘‘ഇതു ഭരണഘടനയുടെ ലംഘനമാണ്. പാചകവാതക സബ്സിഡി മോദി തട്ടിയെടുത്തതിനു സമാനമാണിത്. സമൂഹത്തിലെ ഏറ്റവും ദരിദ്രരായ അന്ത്യോദയ അന്ന യോജന വിഭാഗം, മുൻഗണന വിഭാഗം എന്നിവരോടാണു റേഷൻ വേണ്ടെന്നു വയ്ക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചത്. ഇങ്ങനെ ശേഖരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ ആർക്കു കൊടുക്കാനാണ് എന്നു സർക്കാർ വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ചിത്രം സഹിതമുള്ള പരസ്യം അദ്ദേഹത്തിന്റെ ഓഫിസ് അറിയാതെയാവില്ല’’. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments