Latest NewsKerala

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് വനിതാ മതില്‍

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് വനിതാമതിലില്‍ അണിനിരക്കുന്നത് 22 ലക്ഷം വനിതകള്‍

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് ജനുവരി ഒന്നിന് വനിതാമതിലില്‍ അണി നിരക്കുന്നത് 22 ലക്ഷം വനിതകള്‍. നവോത്ഥാനമൂല്യ സംരക്ഷണസമിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 174 സാമൂഹികസംഘടനകളില്‍നിന്നാണ് 22 ലക്ഷം വനിതകള്‍ പങ്കെടുക്കുക. എസ്.എന്‍.ഡി.പി. യോഗം ആറുലക്ഷവും കെ.പി.എം.എസ്. അഞ്ചുലക്ഷവും വനിതകളെ മതിലിനെത്തിക്കും. രാഷ്ട്രീയ സംഘടനകള്‍ അണിനിരത്തുന്ന വനിതകള്‍ക്കു പുറമേയാണിത്. ഓരോ സംഘടനകളും അണിനിരത്തുന്ന വനിതകളുടെ എണ്ണത്തില്‍ ധാരണയായിട്ടുണ്ട്.

ചരിത്രത്തില്‍ ഇടംനേടുന്ന വലിയ സാമൂഹിക മുന്നേറ്റമാകും വനിതാമതിലെന്ന് നവോത്ഥാന മൂല്യസംരക്ഷണ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. യാഥാസ്ഥിതികരും പരിഷ്‌കരണവാദികളും തമ്മിലുള്ള ആശയപോരാട്ടമാകും ഇത്. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇത്രയധികം വനിതകള്‍ അണിനിരക്കുന്നതിനാല്‍ ഗിന്നസ് റെക്കോഡിനടക്കം സാധ്യതയുണ്ടെന്നും ഗിന്നസ് അധികൃതര്‍ ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
വൈകീട്ട് മൂന്നിന് വനിതാമതിലില്‍ അണിനിരക്കേണ്ടവര്‍ ദേശീയപാതയിലെത്തും. മൂന്നേമുക്കാലിന് റിഹേഴ്സലിനുശേഷം നാലുമണിക്ക് തീര്‍ക്കുന്ന മതില്‍ 4.15 വരെ തുടരും. തുടര്‍ന്ന് മതേതര നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിയുള്ള പ്രതിജ്ഞയ്ക്കുശേഷം നടക്കുന്ന യോഗങ്ങളില്‍ സാമൂഹിക, സാംസ്‌കാരിക പ്രമുഖര്‍ പങ്കെടുക്കും. കാസര്‍കോട്ട് മന്ത്രി കെ.കെ. ശൈലജയും തിരുവനന്തപുരത്ത് വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറില്‍ മുഖ്യമന്ത്രി പിണറായി വിജയനും യോഗങ്ങളില്‍ പങ്കെടുക്കും.

ഇതുവരെയുള്ള എല്ലാ ചെലവും സംഘടനകളാണ് വഹിക്കുന്നത്. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പരിപാടിയെങ്കിലും ചെലവിന് സര്‍ക്കാരിനോട് പണം ആവശ്യപ്പെടില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞു. എല്ലാ മതന്യൂനപക്ഷ സമുദായങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും.

സംഘാടകസമിതി യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ സമിതി ട്രഷറര്‍ കെ. സോമപ്രസാദ്, വൈസ് ചെയര്‍മാന്‍മാരായ ബി. രാഘവന്‍, സി.കെ. വിദ്യാസാഗര്‍, വനിതാ സെക്രട്ടേറിയറ്റ് കണ്‍വീനര്‍ കെ. ശാന്തകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button