പത്തനംതിട്ട: ശബരിമല നിരീക്ഷക സമിതി അംഗങ്ങള്‍ രാത്രി സന്നിധാനത്ത് എത്തും. ശബരിമല ദർശനത്തിന് രണ്ട് യുവതികൾ എത്തിയ സംഭവത്തെക്കുറിച്ച് ഹൈക്കോടതിക്ക് സമിതി റിപ്പോര്‍ട്ട് നല്‍കും.
അതേസമയം ശബരിമല ദര്‍ശനത്തിനായെത്തിയ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരെയും പോലീസ് ബലംപ്രയോഗിച്ച് തിരിച്ചിറക്കി. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്ഗയാണു ബോധരഹിതയായത്. പോലീസ് ഇവര്‍ക്ക് പ്രഥമശുശ്രൂഷ നല്കി.
കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു തിരിച്ചിറങ്ങില്ലെന്ന് അറിയിച്ചെങ്കിലും പോലീസ് ബലമായിത്തന്നെ ഇവരെ തിരിച്ചിറക്കുകയായിരുന്നു. അപ്പാച്ചിമേടും മരക്കൂട്ടവും പിന്നിട്ടശേഷമാണ് ഇവര്‍ തിരിച്ചിറങ്ങിയത്. താഴെ എത്തിച്ച് ആവശ്യമായ ചികില്‍സ ലഭ്യമാക്കിയതിനുശേഷം വീണ്ടും സന്നിധാനത്തേക്കു കൊണ്ടുപോകാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണു തങ്ങള്‍ തിരിച്ചിറങ്ങുന്നതെന്ന് യുവതികള്‍ പറയുന്നു.
Post Your Comments