ദുബായ്: മരുഭൂമിയില്‍ ദിശ തെറ്റിയ മലയാളി കുടുംബത്തിന് രക്ഷകരായി എത്തിയത് ദുബായ് പോലീസ്. അല്‍ ഖുദ്റയില്‍ മരുഭൂമിയുടെ സൗന്ദര്യം കാണാന്‍ പോയതാണ് മലപ്പുറം ചട്ടിപ്പുറം സ്വദേശിയായ മുഷ്താഖ് അലിയും സുഹൃത്തുക്കളുമടങ്ങുന്ന പത്തംഗ സംഘം. ഇരുട്ടില്‍ വഴി തെറ്റിയതോടെ ഇരുവാഹനങ്ങളിലായിരുന്ന സംഘം തെറ്റായ ദിശയില്‍ സഞ്ചരിച്ചത് അഞ്ച് മണിക്കൂറിലധികം. ഒടുവില്‍ മരുഭൂമിയില്‍ ഒരു രാത്രി ചെലവഴിക്കേണ്ടി വന്ന ഇവര്‍ക്ക് ദുബായ് പോലീസ് രക്ഷകരായെത്തി.
സംഭവം നടക്കുന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. അല്‍ ഖുദ്റയിലെ മരുഭൂമിയില്‍ സായാഹ്നം ചെലവഴിക്കാനാണ് നാട്ടില്‍ നിന്നെത്തിയ മുതിര്‍ന്നവരടക്കമുള്ള സംഘം യാത്രയാരംഭിച്ചത്. നാലുമണിക്ക് പോയി ഏഴുമണിക്ക് തിരിച്ച് വരുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ മരുഭൂമിയില്‍ വാഹനം ചെറുതായി താഴ്ന്നുപോയത് പരിഹരിച്ചപ്പോള്‍ നേരം അല്പം വൈകി. ഇരുട്ട് പരന്നതോടെ തിരിച്ചുവരാനുള്ള പദ്ധതി പാളി. എട്ട് മണി മുതല്‍ പുലര്‍ച്ചെ ഒരു മണിവരെ റോഡ് തേടി സംഘം മരുഭൂമിയില്‍ ഉള്‍ഭാഗത്തേക്ക് സഞ്ചരിച്ചു.
സാധാരണ മരുഭൂമിയാത്ര നടത്താറുള്ളവര്‍ കൂട്ടത്തിലുള്ളതിനാല്‍ രാത്രിയാത്ര ഉപേക്ഷിച്ച് മരുഭൂമിയില്‍ വാഹനം നിര്‍ത്തി ഉറങ്ങാന്‍ തീരുമാനിച്ചു. മരുഭൂമിയിലെ ആറ് ഡിഗ്രി തണുപ്പില്‍ വാഹനത്തിലും പുറത്ത് ടെന്റിലുമായി പത്തുപേര്‍ വിശ്രമിച്ചു. രാവിലെ യാത്രയാരംഭിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കാര്യമായ മൂടല്‍ മഞ്ഞുള്ളതിനാല്‍ നേരം അല്പം വൈകിയതിന് ശേഷം മാത്രമാണ് ഇവര്‍ക്ക് യാത്രയുടെ കാര്യങ്ങള്‍ ചെയ്യാനായത്. അപ്പോഴേക്കും ഒരു വാഹനം മണലില്‍ നന്നായി താഴ്ന്നിരുന്നു. നാവിഗേഷന്‍ സംവിധാനമോ സിഗ്നലോ ഇവിടെ ലഭ്യമല്ലാത്തതിനാല്‍ സ്വയം വഴി കണ്ടെത്തല്‍ നടക്കാതെയും വന്നു. ഭക്ഷണവും വെള്ളവും തീര്‍ന്നതും പ്രമേഹരോഗികളായ മുതിര്‍ന്നവരടക്കമുള്ളവര്‍ സംഘത്തിലുണ്ടായിരുന്നതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിക്കൊണ്ടിരുന്നു. ഇതിനോടകം വിവരം ദുബായ് പോലീസിനെ അറിയിച്ചിരുന്നെങ്കിലും അവര്‍ക്ക് സ്ഥലം കണ്ടുപിടിക്കാന്‍ കഴിയാതെ വരുകയും വ്യോമവിഭാഗത്തിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് പോലീസ് വ്യോമവിഭാഗം നടത്തിയ ആകാശ തിരച്ചിലില്‍ സംഘം കുടുങ്ങിക്കിടക്കുന്ന ഇടം കണ്ടെത്തുകയായിരുന്നു.
പോലീസ് ഹെലികോപ്റ്റര്‍ എത്തി ഇവര്‍ കുടുങ്ങിയ സ്ഥാനം പോലീസിനെ അറിയിച്ചു. പിന്നീട് പോലീസ് ജീപ്പ് എത്തുകയും സംഘത്തിലുള്ളവര്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും നല്‍കുകയും ചെയ്തു. ശേഷം മണലില്‍ കുടുങ്ങിയ വാഹനത്തെ വലിച്ച് പുറത്ത് കയറ്റുകയും ചെയ്തു. അവിടെനിന്ന് മൂന്ന് മണിക്കൂറോളം യാത്രചെയ്ത് മുറഖാദ് റോഡില്‍ എത്തിച്ചു. ദുബായ് പോലീസിന്റെ സമയോചിത ഇടപെടലാണ് വലിയ അപകടങ്ങളില്‍നിന്ന് തങ്ങളെ രക്ഷിച്ചതെന്ന് മുഷ്താഖ് അലി പറഞ്ഞു.
Post Your Comments