മുണ്ടക്കയം•ശബരിമല ദര്‍ശനത്തിനെത്തിയ ആദ്യ തമിഴ് മനിതി സംഘത്തെ തടയാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ മുണ്ടക്കയത്ത് ലാത്തിച്ചാര്‍ജ്. പൊലീസ് ലാത്തിചാര്‍ജ് നടത്തിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടുകയായിരുന്നു.
അതേസമയം, പമ്പയിലെത്തിയ സംഘം മലകയറാനുള്ള തീരുമാനത്തിലാണ്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. ഇടുക്കിയിലും കോയമ്പത്തൂരിലും ഉയര്‍ന്ന പ്രതിഷേധം മറികടന്നാണ് റോഡ് മാര്‍ഗം പൊലീസ് സുരക്ഷയില്‍ എത്തുന്ന സംഘം കേരളത്തില്‍ പ്രവേശിച്ചത്.
കമ്പംമേട്ട് ചെക്ക്പോസ്റ്റ് വഴിയാണ് യുവതികളുടെ സംഘം കേരളത്തില്‍ പ്രവേശിച്ചത്. മനിതി കൂട്ടായ്മയിലെ വനിതകള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കട്ടപ്പനയിലെ പാറപ്പുറത്ത് വച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് യാത്ര തുടരാനായത്.
പൂജാരിമാര്‍ കെട്ടുനിറയ്ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് സ്വയം കെട്ടുനിറച്ചാണ് മുന്നോട്ട് നീങ്ങിയത്. പമ്പയില്‍ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് യുവതികള്‍ പമ്പയില്‍ കുത്തിയിരിക്കുകയാണ്. പോലീസ് സംരക്ഷണം തന്നാല്‍ മുന്നോട്ട് പോകുമെന്ന് യുവതികള്‍ അറിയിച്ചു. അതേസമയം, പോലീസ് സംഘര്‍ഷ സാധ്യത യുവതികളെ അറിയിച്ചു.11 അംഗ സംഘത്തിലെ ആറുപേരാണ് ദര്‍ശനം നടത്തുന്നത്. മറ്റുള്ളവര്‍ സഹായത്തിന് എത്തിയതാണെന്നും എല്ലാവരും വിശ്വാസികളാണെന്നും സംഘ പ്രതിനിധി സെല്‍വി അറിയിച്ചു.
Post Your Comments