മലപ്പുറം: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി മലപ്പുറത്തെ കിളിനക്കോട്ടില്‍ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാരാക്രമണം നടത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അവഹേളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത യുവാക്കള്‍ക്കെതിരെ ഫേസ്ബുക്ക്് കുറിപ്പുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. കിളിനക്കോട്ടെ പോലീസ് സ്റ്റേഷനില്‍ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളര്‍ന്നു മുറ്റിയ ആ ആണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നില്ലേ? തങ്ങളുടെ മക്കള്‍ പെണ്ണുങ്ങളുടെ അധികാരികളല്ല എന്നവരെ പറഞ്ഞു നിരന്തരം ബോധ്യപ്പെടുത്തിയെടുക്കേണ്ടത് ആ രക്ഷിതാക്കളായിരുന്നില്ലേ?അത്തരം രക്ഷിതാക്കള്‍ക്കെന്താണ് കുറ്റബോധം തോന്നാത്തത്? ആ പെണ്‍കുഞ്ഞുങ്ങളോട് മാപ്പു പറയാന്‍ മക്കളെ പറഞ്ഞു വിടണ്ടേ? എന്നും ശ്ാരദക്കുട്ടി ചോദിച്ചു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണ രൂപം:
കിളിനക്കോട്ടെ പോലീസ് സ്റ്റേഷനില്‍ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളര്‍ന്നു മുറ്റിയ ആ ആണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നില്ലേ? തങ്ങളുടെ മക്കള്‍ പെണ്ണുങ്ങളുടെ അധികാരികളല്ല എന്നവരെ പറഞ്ഞു നിരന്തരം ബോധ്യപ്പെടുത്തിയെടുക്കേണ്ടത് ആ രക്ഷിതാക്കളായിരുന്നില്ലേ?അത്തരം രക്ഷിതാക്കള്‍ക്കെന്താണ് കുറ്റബോധം തോന്നാത്തത്? ആ പെണ്‍കുഞ്ഞുങ്ങളോട് മാപ്പു പറയാന്‍ മക്കളെ പറഞ്ഞു വിടണ്ടേ?
ഊര്‍ജ്ജം തുളുമ്പി, ചിരിച്ചു മറിഞ്ഞ് നര്‍മ്മഭാഷണം പറഞ്ഞ് ആണ്‍കുട്ടികളുടെ തലയിലെ വെളിച്ചമില്ലായ്മക്കു പരിഹാരം നിര്‍ദ്ദേശിക്കുന്ന തരത്തില്‍ ചുണക്കുട്ടികളായി പെണ്മക്കളെ വളര്‍ത്തിയെടുത്ത അമ്മമാരെ അഭിനന്ദിക്കുന്ന ഒരു സമീപനം എന്നാണ് കേരളമെന്ന ഈ വലിയ കിളിനക്കോട്ടുകരയ്ക്ക് ഉണ്ടാവുക?
ആണ്‍മക്കളേ.. വെറുപ്പും അഹങ്കാരവും അധികാര ധാര്‍ഷ്ട്യവും നിങ്ങളെ ഭൂമിയില്‍ നിന്നു തന്നെ ഇല്ലാതാക്കുന്നതിനു മുന്‍പ്, പറന്നുയരുവാന്‍ ചിറകുകളാര്‍ജ്ജിച്ചു കഴിഞ്ഞ പെണ്‍കൂട്ടുകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക. അവരുടെ ചിരിയും ഇളക്കങ്ങളും നിങ്ങളുടെയും ജീവിത പ്രേരണയാകട്ടെ.
നിങ്ങളുടെ ഭുജശാഖയിലല്ല അവരുടെ ഇരുപ്പ്.
എസ്.ശാരദക്കുട്ടി
https://www.facebook.com/saradakutty.madhukumar/posts/2267211383292108
പെണ്‍കുട്ടികളെ അധിക്ഷേപിച്ച ആറ് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. വേങ്ങര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 143, 147, 506, 149 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും വേങ്ങര പൊലിസ് വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് ലൈവിലൂടെ തങ്ങളുടെ നാടിനെയും തങ്ങളെയും അധിക്ഷേപിച്ചെന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ യുവാക്കള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. കൂടാതെ ഈ സദാചാരവാദികള്‍ക്കെതിരെ പ്രതികരിച്ച പെണ്‍കുട്ടികളെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ യുവാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളായ സഹപാഠികള്‍ക്ക് ഒപ്പം സെല്‍ഫി എടുക്കുകയും അവരുടെ വാഹനങ്ങളില്‍ തിരിച്ചു പോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഒരുപറ്റം യുവാക്കള്‍ തടഞ്ഞു നിര്‍ത്തുകയും ഇവരെ അധിക്ഷേപിക്കുകയും ചെയ്‌തെന്നും നട്ടുച്ചയ്ക്ക് നടുറോഡിലൂടെ നടത്തിയെന്നുമായിരുന്നു ഫെയസ്ബുക്ക് ലൈവില്‍ പെണ്‍കുട്ടികള്‍ ആരോപിച്ചത്.
എന്നാല്‍ അതിനുശേഷം പെണ്‍കുട്ടികള്‍ നാടിനെ അധിക്ഷേപിച്ചുവെന്ന് കാണിച്ചു പോലീസില്‍ പരാതി നല്‍കിയെന്നും ഈ പെണ്‍കുട്ടികള്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ആണെന്നും സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചിരുന്നു. വിഷയം നാട്ടില്‍ ഒരു വിഷയമായതോടെ പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമം നടക്കുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടികള്‍ വേങ്ങര പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍ക്കുകയായിരുന്നു.
Post Your Comments