മുംബൈ: ചരക്ക്- സേവന നികുതി ഘടനയില്‍ കൂടുതല്‍ ഇളവുകള്‍ വരത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. ജിഎസ്ടി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന 99 ശതമാനം സാധനങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയെത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി കൗണ്‍സില്‍ ശനിയാഴ്ച യോഗം ചേരാനിരിക്കുകയാണ്.
വളരെ കുറച്ച് സാധനങ്ങള്‍ മാത്രം ജിഎസ്ടിയിലെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കായ 28 ശതമാനത്തില്‍ നിലനിര്‍ത്തി, ബാക്കിയുള്ളവയെ 18 ശതമാനത്തിലോ അതില്‍ താഴെയോ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ആഢംബര കാറുകള്‍, സിഗരറ്റ് ഉള്‍പ്പടെയുള്ള സാധനങ്ങളാകും 28 ശതമാനത്തില്‍ നിലനിര്‍ത്തുക.
‘ജിഎസ്ടി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന 99 ശതമാനം സാധനങ്ങളെയും 18 ശതമാനം നികുതി നിരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് നമ്മള്‍ നീങ്ങുന്നത്. ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നിരക്കായ 28 ശതമാനം നികുതി ഏതാനും ആഡംബര വസ്തുക്കള്‍ക്ക് മാത്രമായി ചുരുക്കും,’ മുംബൈയില്‍ റിപ്പബ്ലിക് ടിവി സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചു.
നിലവില്‍ 37 സാധനങ്ങളാണ് ഏറ്റവും ഉയര്‍ന്ന നികുതി നിരക്കായ 28 ശതമാനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ നിന്നും 68സെ.മി അധികം വലിപ്പമുള്ള ടിവി, സിമന്റ്, റബര്‍ ടയറുകള്‍, ഡിജിറ്റല്‍ ക്യാമറ എന്നിവയെ 18 ശതമാനത്തില്‍ എത്തിക്കുമെന്നാണ് കരുതുന്നത്. പാന്‍മസാല , ആഡംബര കാറുകള്‍, സിഗരറ്റ്, പിസ്റ്റള്‍സ് എന്നിവ 28 ശതമാനത്തില്‍ നിലനില്‍ക്കും. അതേസമയം, 100 രൂപയ്ക്ക് മുകളില്‍ വില്‍ക്കപ്പെടുന്ന സിനിമ ടിക്കറ്റുകളുടെ നിരക്കും 18 ശതമാനത്തില്‍ താഴെ എത്തിക്കും. നിലവില്‍ ഇത് 28 ശതമാനമാണ്.ജിഎസ്ടി രാജ്യത്ത് നിലനിര്‍ത്തുകയും അതിനെ സംരംഭക-സൗഹൃദ നികുതിയാക്കി മാറ്റുകയാണ് ഉദ്ദേശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി വരുംമുമ്പ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. അതില്‍ 55 ലക്ഷത്തിന്റെ വര്‍ദ്ധന വന്നുകഴിഞ്ഞതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments