തിരുവനന്തപുരം:ശബരിമലയില്‍ ആരും അറിയാതെ സ്ത്രീകള്‍ കയറിയിട്ടുണ്ടെന്ന് മന്ത്രി എം.എം.മണി. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് മന്ത്രി എം.എം മണി. എറണാകുളം കോതമംഗലത്താണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടേത് ഔദ്യോഗിക പ്രഖ്യാപനമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേ എന്നായിരുന്നു എംഎം മണിയുടെ മറുപടി. യുവതികള്‍ ഇതുവരെ കയറിയിട്ടില്ല എന്ന് കരുതിയാണോ നിങ്ങള്‍ ഇരിക്കുന്നത് എന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരെ പരിഹസിക്കുകയുമുണ്ടായി. നിങ്ങള്‍ ഏത് ലോകത്താണ് എന്ന് ചോദിച്ച മന്ത്രി പിന്നെന്തിനാണ് ഈ പാടെല്ലാം പെടുന്നത് എന്നും ചോദിച്ചു. തങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ലക്ഷം സ്ത്രീകളുമായി പോയി ശബരിമല കയറാം. ഒരുത്തനും തടയാന്‍ വരില്ല. അതിനുളള കെല്‍പ്പ് തങ്ങള്‍ക്കുണ്ട്. പക്ഷേ അതൊന്നും തങ്ങളുടെ പരിപാടിയല്ലെന്നും വരുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കോടതി പറഞ്ഞിരിക്കുന്നത് ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പോകാമെന്നും ആരാധന നടത്താം എന്നുമാണ്. പോയിട്ടില്ലെങ്കില്‍ ശിക്ഷിക്കും എന്ന് കോടതി പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ സ്ത്രീകള്‍ പോയിട്ടില്ലെന്നും ആരാധന നടത്തിയിട്ടില്ല എന്നും ഇന്നേവരെ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു. മന്ത്രിയുടെ പരസ്യ പ്രഖ്യാപനത്തോടെ ശബരിമലയില്‍ പുതിയ വിവാദത്തിന് തിരി കൊളുത്തപ്പെട്ടിരിക്കുകയാണ്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോള്‍ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനത്തിന് കയറാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചിരുന്നില്ല. മണ്ഡല കാല അവസാനിക്കാറായിട്ടും ഇതുവരെയും യുവതികള്‍ ആരെങ്കിലും കയറിയതായി വിവരം പുറത്ത് വന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നത്.
Post Your Comments