തിരുവനന്തപുരം: ജനുവരി ഒന്നിന് നവോത്ഥാന സംഘടനകളെ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോട് വരെ നടത്തുന്ന വനിതാ മതില്‍ പരിപാടിയുടെ മുഖ്യ രക്ഷാധികാരിയാക്കിയതില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നോട് ആലോചിക്കാതെ രക്ഷാധികാരിയാക്കിയത് അപഹാസ്യമായ രാഷ്ട്രീയ ഗിമ്മിക്കും സാമാന്യ മര്യാദയുടെ ലംഘനവുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വനിതാമതില്‍ കടന്നുപോകുന്ന ആലപ്പുഴ ജില്ലയിലെ പരിപാടിയുടെ മുഖ്യ രക്ഷാധികാരിയായി ചെന്നിത്തലയെ നിശ്ചയിച്ചത്. ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതിനാലാണിതെന്നാണ് ഇപ്പോഴത്തെ വിശദീകരണം. അതേസമയം ഈ നടപടി മര്യാദകേടാണെന്ന് ചെന്നിത്തല പ്രതികരിച്ചു. കൂടാതെ ജില്ലാ കളക്ടറിനെ അദ്ദേഹം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് ഇത് ചെയ്തത്. ഇതിലുള്ള തന്റെ പ്രതിഷേധം ആലപ്പുഴ ജില്ലാ കളക്ടറെ ഫോണില്‍ വിളിച്ചറിയിച്ചിട്ടുണ്ട്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനെന്ന പേരില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനോട് തനിക്കും യു.ഡി.എഫിനുമുള്ള എതിര്‍പ്പ് ഇതിനകം വ്യക്തമാക്കിയിട്ടുള്ളതാണ്. സമൂഹത്തില്‍ സാമുദായിക ചേരിതിരിവു സൃഷ്ടിക്കുന്ന ഈ നീക്കം അപകടകരവുമാണ്. ഇതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്തും നല്‍കിയിട്ടുണ്ട്. എന്നിട്ടും തന്നെ ഈ പരിപാടിയുടെ രക്ഷാധികാരിയാക്കുകയും അതു പത്രക്കുറിപ്പായി പുറത്തിറക്കുകയും ചെയ്തതു രാഷ്ട്രീയ സദാചാരത്തിനു ചേരുന്ന നടപടി അല്ല. തന്നെ രക്ഷാധികാരിയാക്കിയ നടപടി ഉടന്‍ പിന്‍വലിക്കണം. വനിതാ മതില്‍ സംരംഭത്തിന്റെ പൊള്ളത്തരവും കാപട്യവുമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രണ്ടു തവണയാണ് പി.ആര്‍.ഡി പത്രക്കുറിപ്പിറക്കിയത്. ആദ്യ പത്രക്കുറിപ്പില്‍ തന്റെ പേരില്ലായിരുന്നു. രണ്ടാമത്തേതില്‍ പേരു വച്ച് തന്നെ ഇറക്കി. ഇത് മനപൂര്‍വ്വമാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments