തിരുവനന്തപുരം•ബലിദാനികള്‍ക്കായുള്ള ബി.ജെ.പി നീക്കം സംശയാസ്പദമെന്ന് മന്ത്രി കടകംപള്ളി
ശബരിമലയിലും സംസ്ഥാനത്ത് പലയിടത്തും അക്രമം ഉണ്ടാക്കി പോലീസിനെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലൂടെ ബലിദാനികളെ സൃഷ്ടിക്കാനുള്ള ബിജെപി നീക്കം സംസ്ഥാന സര്‍ക്കാരിന്‍റെ സമയോചിതമായ ഇടപെടലും പോലീസിന്‍റെ സംയമനവും കാരണം നടക്കാതെ വന്നതിന്‍റെ നൈരാശ്യമാണ് അനാവശ്യ ഹര്‍ത്താലുകളിലൂടെ ബിജെപി സംസ്ഥാന നേതൃത്വം പ്രകടമാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
തികച്ചും ദുരൂഹമാായ സാഹചര്യത്തിലാണ് ബിജെപിയുടെ സമരപന്തലിന് മുന്നില്‍ തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്ക് ബിജെപി സമരപന്തലിന് സമീപത്തെത്തി എങ്ങനെയാണ് വേണുഗോപാലന്‍ നായര്‍ 70 ശതമാനം പൊള്ളലേറ്റ് മരിക്കാനിടയായത് എന്നത് അന്വേഷിക്കേണ്ടതാണ്. ബിജെപി സമരപന്തലിലും പുറത്തുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും തമ്പടിച്ചിരുന്നപ്പോള്‍ നടന്ന ഈ ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണം പുറത്തുവരേണ്ടതുണ്ട്. തീഗോളമായി മാറിയ വേണുഗോപാലന്‍ നായര്‍ സമരപന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെന്നും പോലീസ് തടഞ്ഞില്ലായിരുന്നെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമായിരുന്നെന്നും ബിജെപിയുടെ ഒരു പ്രധാന നേതാവ് തന്നെ രാവിലെ ടെലിവിഷന്‍ ചാനലുകളോട് വെളിപ്പെടുത്തിയിരുന്നു.
പിന്നീട് ബിജെപി നേതാക്കള്‍ ആരോപിച്ചത് പോലെ ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ചെയ്തതെങ്കില്‍ അതിന് തെരഞ്ഞെടുത്ത സ്ഥലം ബിജെപിയുടെ സമരപന്തലിന് മുന്‍ഭാഗവും, സമയം പുലര്‍ച്ചെ രണ്ട് മണിയെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ജീവിത നൈരാശ്യം മൂലമാണ് ആത്മഹത്യയെന്ന് വേണുഗോപാലന്‍ നായര്‍ മരണ മൊഴി കൊടുത്തതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അതെന്തായാലും ശക്തമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഇരുചക്രവാഹനം മറിഞ്ഞ് മരിച്ച പന്തളം സ്വദേശി ശിവദാസനെ ബലിദാനിയായി ചിത്രീകരിച്ചത് പോലെ സുവര്‍ണാവസര മോഹികളായ ബിജെപി നേതാക്കള്‍ വേണുഗോപാലന്‍ നായരെയും ബലിദാനിയാക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് വേണ്ടിയാണ് സംസ്ഥാനമാകെ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തത്. വേണുഗോപാലന്‍ നായര്‍ക്ക് ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സഹോദരന്‍ മാധ്യമപ്രവര്‍ത്തകരോട് ആദ്യം പറഞ്ഞതും, പിന്നീട് ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ബന്ധുക്കളെ സ്വാധീനിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചതും പരസ്യമായ രഹസ്യമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് ആത്മഹത്യയെന്ന് ചിത്രീകരിക്കുന്നവര്‍ പുലര്‍ച്ചെ രണ്ട് മണിക്ക് വേണുഗോപാലന്‍ നായര്‍ ബിജെപി സമരപന്തലിന് മുന്നില്‍ വന്ന് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച എന്ത് സംഭവമാണ് ശബരിമലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് വ്യക്തമാക്കണം. അതോ ബിജെപി ശബരിമലയെയും അയ്യപ്പനെയും അവഹേളിക്കുന്ന തരത്തില്‍ നടത്തുന്ന സമരത്തില്‍ പ്രതിഷേധിച്ചാണോ ആ ആത്മഹത്യ ഉണ്ടായത് ? അതോ മറ്റെന്തെങ്കിലും കാരണമാണോ ആത്മഹത്യയിലേക്ക് നയിച്ചത് ?
ആ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം പുറത്തുവരുന്നതിന് മുമ്പ് തന്നെ വേണുഗോപാലന്‍ നായരെ ബലിദാനിയായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബിജെപിയെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇത്രയും നാള്‍ ശബരിമലയുമായി ബന്ധപ്പെട്ട് സുവര്‍ണാവസരം ഒരുക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങളെല്ലാം തുറന്നു കാട്ടപ്പെട്ടതാണ്. അതിന്‍റെ അവസാനത്തെ ഉദാഹരണമാണ് വേണുഗോപാലന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട ബിജെപിയുടെ നാടകം. ഈ നാടകത്തിന് പിന്നിലെ തിരക്കഥകളും വൈകാതെ പുറത്തുവരും. വേണുഗോപാലന്‍ നായര്‍ എങ്ങനെ ബിജെപി സമരപന്തലിന് സമീപമെത്തി തീകൊളുത്തി എന്നതും, 70 ശതമാനം തീപ്പൊള്ളലേറ്റ് മരിക്കാനിടയായ കാരണമെന്താണെന്നും ലോകമറിയുമെന്നതില്‍ സംശയമില്ല. അനാവശ്യമായി ബിജെപി പ്രഖ്യാപിച്ച ഈ ഹര്‍ത്താല്‍ ജനങ്ങള്‍ ഒന്നടങ്കം എതിര്‍ക്കുകയാണ്. ഈ ഹര്‍ത്താലാഹ്വാനം കേരള ജനത തള്ളികളയണമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments