ശബരിമല: വാഹനപാർക്കിങ് ത്രിവേണിയിൽ നിന്ന് നിലയ്ക്കലേക്ക് മാറ്റിയതോടെ പമ്പാനദിയിലെ മാലിന്യം കുറഞ്ഞു. പമ്പയിലെ വെള്ളത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് മുൻവർഷത്തേക്കാൾ കുറഞ്ഞതായി മലിനീകരണ നിയന്ത്രണബോർഡ് വിലയിരുത്തി.
കഴിഞ്ഞവർഷം ഇതേസമയം ഞുണങ്ങാറിൽ നൂറ് മില്ലിലിറ്റർ വെള്ളത്തിൽ ഒരു ലക്ഷത്തിൽ കൂടുതൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇക്കൊല്ലം ഇത് 10,000-ൽ താഴെയാണ്. ത്രിവേണി പരിസരത്ത് നൂറ് മില്ലിലിറ്ററിൽ 6000 മാത്രമാണ് കോളിഫോം സാന്നിധ്യം. പമ്പയിൽ 19600, കൊച്ചുപമ്പയിൽ 4000, കക്കിയിൽ 5600, ആറാട്ടുകടവിൽ 23200, ഞുണങ്ങാറിൽ 24,800 എന്നിങ്ങനെയാണ് കോളിഫോം ബാക്ടീരിയയുടെ അളവ്. സുരക്ഷിതവും അനുവദനീയവുമായ അളവ് 500 ആണ്. കുളിക്കുന്ന വെള്ളത്തിൽ പരമാവധി 5000 വരെ ആകാം.
പമ്പയിലേക്ക് നേരിട്ട് മനുഷ്യവിസർജ്യം എത്തുന്നത് ഇല്ലാതായതാണ് കോളിഫോം ബാക്ടീരിയ കുറയാൻ കാരണം. പമ്പയിൽ പാർക്കിങ് ഉണ്ടായിരുന്നപ്പോൾ പമ്പാതീരത്ത് ആളുകൾ വിസർജനം നടത്തിയിരുന്നു. ശൗചാലയങ്ങളിൻനിന്ന് നേരിട്ടും വിസർജ്യം പുഴവെള്ളത്തിൽ കലർന്നു. നിലയ്ക്കൽ പ്രധാന ക്യാമ്പായതോടെ ഈയവസ്ഥ കുറഞ്ഞു.
Post Your Comments