KeralaLatest News

കൊച്ചി ബിനാലെ പശ്ചാത്തലമാക്കി കാര്‍ട്ടൂണ്‍ പരമ്പരയുമായി സുനില്‍ നമ്പു

കൊച്ചി: സുനില്‍ നമ്പു എന്ന എന്‍ജിനീയര്‍ കഴിഞ്ഞ മൂന്ന് മാസമായി കൊച്ചി ബിനാലെ പശ്ചാത്തലമാക്കി വരയ്ക്കുന്ന കാര്‍ട്ടൂണുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ പിടിച്ചു പറ്റുകയാണ്. പാലക്കാട് സ്വദേശിയായ സുനില്‍ നമ്പു സമയം കളയുന്നതിനായി തുടങ്ങിയതാണ് കാര്‍ട്ടൂണ്‍ വരകള്‍. എന്നാല്‍ പിന്നീട് ഈ മേഖലയില്‍ അദ്ദേഹത്തിന്റെ താല്പര്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വര തുടരുകയായിരുന്നു. കൊച്ചിയില്‍ കഴിഞ്ഞ ബിനാലെയിലെ പ്രമുഖരായ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ ഫോര്‍ട്ട് കൊച്ചിയിലെ താമസക്കാരായ സാധാരണക്കാര്‍ വരെ അദ്ദേഹത്തിന്റെ കാര്‍ട്ടൂണിലെ കഥാപാത്രങ്ങളാണ്.

നമ്പുവിന്റെ കാര്‍ട്ടൂണുകള്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ദിവസം തോറും സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ഇദ്ദേഹത്തിന് ആരാധകരേറിയത്. തുടക്കത്തില്‍ വിന്‍സന്റ് വാന്‍ഗോഗും പാബ്ലോ പിക്കാസോയുമൊക്കെ നമ്പുവിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി.

പിന്നീട് ബിനാലെ നാലാം ലക്കം അടുത്തതോടെ മറ്റു പല ആര്‍ട്ടിസ്റ്റുകളും അദ്ദേഹത്തിന്റെ കാര്‍ട്ടൂണില്‍ കഥാപാത്രങ്ങളായി വക്കുകയായിരുന്നു. ആവര്‍ത്തന വിരസത ഒഴിവാക്കണം എന്ന തോന്നലില്‍ നിന്നാണ് വരയുടെ പ്രമേയങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചതെന്ന് സുനില്‍ നമ്പു പറഞ്ഞു. അതോടെ വ്യത്യസ്തതയുള്ള ഒരു കഥാപാത്രമായി ഒരു കാക്കയുടെ വീക്ഷണത്തിലൂടെ കാര്‍ട്ടൂണുകള്‍ ഇദ്ദേഹം വരച്ച് തുടങ്ങി.

ഇപ്പോഴും എല്ലാവരില്‍ കൗതുകമുണര്‍ത്തുന്ന വ്യത്യസ്തതയുള്ള പക്ഷി ആയതിനാലാണ് കാക്കയെ പ്രധാന കഥാപാത്രമാക്കിയതെന്ന് സുനില്‍ നമ്പു പറയുന്നു. കാക്കയുടെ കാഴ്ചയിലാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ വര പുരോഗമിക്കുന്നത്. അതില്‍ ഫോര്‍ട്ട് കൊച്ചിയിലെ ബിനാലെയുടെ ഒരുക്കങ്ങള്‍ മുതല്‍ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ കേരളത്തെ തകര്‍ക്കാന്‍ ശ്രമിച്ച പ്രളയം വരെയും കാണിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button