തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ നിരാഹാരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഇന്ന് ബിജെപി പ്രതിഷേധദിനം ആചരിക്കും. സെക്രട്ടേറിയറ്റിനു മുന്നിലേക്കും കലക്ടറേറ്റുകളിലേയ്ക്കും പ്രതിഷേധമാർച്ച് നടത്തും. വൈകിട്ട് എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തുമെന്നും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി കെ.കൃഷ്ണദാസ് പറഞ്ഞു.
മരണം വരെ ഉപവാസത്തിനു സന്നദ്ധനാണു രാധാകൃഷ്ണൻ. മുഖ്യമന്ത്രിയുടെ വസതിയിലേക്കു നടന്ന യുവമോർച്ചയുടെ മാർച്ച് ചോരയിൽ മുക്കിക്കൊല്ലാനാണു പോലീസ് ശ്രമിച്ചത്. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർ ക്രിമിനലുകളാണെന്ന് ആക്ഷേപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരസ്യമായി വിശ്വാസികളോടു മാപ്പു പറയണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു.
നിരോധനാജ്ഞ ക്രിമിനലുകൾ തമ്പടിക്കുന്നതു കൊണ്ടാണെന്നാണു മന്ത്രി പറഞ്ഞത്. അയ്യപ്പഭക്തരല്ലാതെ ആരാണവിടെ ക്രിമിനലെന്നു കൃഷ്ണദാസ് ചോദിച്ചു. സർക്കാർ സംവിധാനവും അധികാരവും ദുരുപയോഗപ്പെടുത്തി സിപിഎം സംഘടിപ്പിക്കുന്ന വനിതാമതിൽ പൊളിഞ്ഞു പാളീസാകും. നവോത്ഥാനനായകർ പൊളിച്ചു കളഞ്ഞ ജാതിമതിൽ കെട്ടിപ്പൊക്കാനാണ് ഇടതുസർക്കാർ ശ്രമിക്കുന്നത്. മതിൽ പൊളിയുമെന്നുറപ്പായതോടെയാണു വനിതാ ജീവനക്കാർ നിർബന്ധമായി പങ്കെടുക്കണമെന്ന സർക്കുലർ സർക്കാർ പുറപ്പെടുവിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു.
Post Your Comments