ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ മിന്നലാക്രമണം നടത്തി കോണ്‍ഗ്രസ് വീണ്ടും രംഗത്ത് . പാക്ക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ നാളുകള്‍ക്കു ശേഷവും ഉയര്‍ത്തിക്കാട്ടുന്നുവെന്ന റിട്ട. ലഫ്. ജനറല്‍ ഡി.എസ്. ഹൂഡയുടെ പ്രസ്താവനയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെയുള്ള പുതു ആയുധമാക്കിയത്. ഹൂഡ ശരിയായ സൈനിക ജനറലിനെ പോലെയാണു സംസാരിച്ചത്. ഇന്ത്യ നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. സൈന്യത്തെ സ്വന്തം മുതലായി ഉപയോഗിക്കുന്ന മിസ്റ്റര്‍ 36ന് നാണമില്ലെന്നാണ് രാഹുല്‍ ആരോപിച്ചത്.
അദ്ദേഹം മിന്നലാക്രമണത്തെ രാഷ്ട്രീയ മൂലധനമായി ഉപയോഗിച്ചു. റഫാല്‍ കരാറിലൂടെ അനില്‍ അംബാനിയുടെ മൂലധനവും ഉയര്‍ത്തിയതായും രാഹുല്‍ ട്വിറ്ററില്‍ ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെ പരിഹാസ രൂപേണ ഉപയോഗിക്കുന്ന ’56 ഇഞ്ച്’ പ്രയോഗം ഒഴിവാക്കി ‘മിസ്റ്റര്‍ 36’ എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. റഫാല്‍ ഇടപാടിലെ 36 ജെറ്റ് വിമാനങ്ങളെ ഉദ്ദേശിച്ചായിരുന്നു ഇത്.
സൈന്യത്തിന്റെ വിജയത്തില്‍ ആദ്യമുണ്ടായ ആഹ്ലാദം സ്വാഭാവികം മാത്രമാണെന്നും എന്നാല്‍ നാളുകള്‍ക്കു ശേഷവും അതിന്റെ മേനി ഉയര്‍ത്തിക്കാട്ടുന്നത് അനാവശ്യമാണെന്നുമായിരുന്നു ഹൂഡയുടെ പരാമര്‍ശം. സൈനിക നീക്കത്തെ രാഷ്ട്രീയവല്‍ക്കരിച്ചതു തെറ്റോ ശരിയോ എന്നു രാഷ്ട്രീയ നേതാക്കളോടു ചോദിക്കണം. സൈനികനീക്കം അതീവരഹസ്യമായി നടത്തുകയായിരുന്നു നല്ലതെന്നും ഹൂഡ വ്യക്തമാക്കി.
Post Your Comments