ലക്നൗ: പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വെടിവച്ചുകൊന്ന സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥന്‍ സംശയത്തിന്റെ നിഴലില്‍. ശ്രീനഗറില്‍ ജോലി ചെയ്യുന്ന ജീത്തു ഫൗജി എന്ന സൈനികന് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ബുലന്ദ്ഷഹറിലെ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സുബോധ് കുമാര്‍ സിംഗിന്റെ കൊലയില്‍ ഇയാള്‍ക്കും പങ്കുള്ളതായി സൂചന ലഭിച്ചത്.
പ്രദേശവാസിയായ ഇയാളാണ് സുബോധ് കുമാറിനു നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോള്‍ ശ്രീനഗറിലുള്ള ഇയാളെക്കുറിച്ച് അന്വേഷിക്കാനായി പൊലീസ് സംഘം കാശ്മീരിലേക്ക് തിരിച്ചെന്നാണ് വിവരം. എന്നാല്‍ പൊലീസ് വാദം ജീത്തുവിന്റെ മതാവ് രതന്‍ കൗര്‍ നിഷേധിച്ചു. പ്രക്ഷോഭത്തിനിടെ കാണാതായ സുബോധിന്റെ സര്‍വീസ് തോക്ക് ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.
സംഭവം ആകസ്മികമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. സംഭവം ആള്‍ക്കൂട്ട കൊലപാതകമല്ലെന്നും ആദിത്യനാഥ് പറഞ്ഞു. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു സുബോധ് സിംഗ് കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദ്യമായി പ്രതികരിക്കുന്നത്. സംഭവം നടന്ന് നാലു ദിവസങ്ങള്‍ക്കു ശേഷമാണ് ആദിത്യനാഥിന്റെ പ്രതികരണം.സംഭവത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ആദിത്യനാഥ് പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ചയാണ് ബുലന്ദ്ഷഹറില്‍ ഗോവധവുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട ആക്രമണം തടയുന്നതിനിടെ സുബോധ് കുമാര്‍ സിംഗ് എന്ന പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് മരിച്ചത്. പ്രക്ഷോഭകാരികളിലൊരാളും ആക്രമണത്തില്‍ മരിച്ചിരുന്നു. ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് 90 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിലെ മുഖ്യപ്രതിയും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനുമായ യോഗേഷ് കുമാറിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments