കൊല്ലം: ബിരുദ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയുടെ ആത്മഹത്യയില്‍ പരീക്ഷാ ചുമതലയുണ്ടായിരുന്ന അദ്ധ്യാപകര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഫാത്തിമ മാതാ കോളേജ് കോളേജ് നിയോഗിച്ച ഏഴംഗ ആഭ്യന്തര അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്. കമ്മിഷനംഗമായ കോളേജ് യൂണിയന് ചെയര്‍മാന്റെ വിയോജനക്കുറിപ്പും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ആരോപണ വിധേയരായ അദ്ധ്യാപകരെ പൂര്‍ണമായും സംരക്ഷിക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ട്. അദ്ധ്യാപകര്‍ രാഖിയെ ബോധപൂര്‍വം അപമാനിച്ചിട്ടില്ലെന്നും കോപ്പിയടി പിടികൂടുമ്ബോള്‍ സ്വാഭാവികമായി ചെയ്യേണ്ട നടപടിക്രമങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടിന്റെ കാതല്‍.
റിപ്പോര്‍ട്ട് നിഷ്പക്ഷമല്ലാത്തതിനാല്‍ അംഗീകരിക്കാനാകില്ലെന്നാണ് കോളേജ് യൂണിയന് ചെയര്മാന് അജിത്ലാലിന്റെ വിയോജന കുറിപ്പ്.
ചെയര്മാന് പുറമെ 3 അദ്ധ്യാപകര്‍, രക്ഷാകര്‍ത്താക്കളുടെ 2 പ്രതിനിധികള്‍, വിരമിച്ച അദ്ധ്യാപകന് എന്നിവരടങ്ങുന്നതാണ് അന്വേഷണ കമ്മിഷന്. മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്ത 6 അദ്ധ്യാപകരെ തിരിച്ചെടുക്കാനാണ് കമ്മിഷന് റിപ്പോര്‍ട്ട് അനുകൂലമാക്കിയതെന്നാണ് വിമര്‍ശനം.
കമ്മിഷനില്‍ വിശ്വാസമില്ലെന്ന് രാഖിയുടെ അച്ഛന് രാധാകൃഷ്ണന് നേരത്തേ പറഞ്ഞിരുന്നു. കമ്മിഷനെ അംഗീകരിക്കുന്നില്ലെന്നും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നുമാണ് എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്. കുറ്റക്കാരായ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഖിയുടെ അച്ഛന് കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
Post Your Comments