KeralaLatest News

ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം; സി.പി.എം നേതാവ് രാജിവച്ചു

മാനന്തവാടി: ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായതോടെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട സി.പി.എം മാനന്തവാടി ഏരിയാകമ്മിറ്റി മെമ്ബറും സി.ഐ.ടി.യു നേതാവുമായ പി.വാസു ബാങ്ക് പ്രസിഡന്റ് സ്ഥാനവും ഡയറക്ടര്‍ സ്ഥാനവും രാജിവച്ചു. തലപ്പുഴയിലെ തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു അനിൽകുമാർ.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബാങ്കിലെത്തി സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. തുടര്‍ന്ന് അടിയന്തര ഭരണ സമിതി ചേര്‍ന്ന് പ്രസിഡന്റിന്റെ താത്കാലിക ചുമതല മറ്റൊരു സി.പി. എം നേതാവായ എം.സി.ചന്ദ്രനെ ഏല്‍പ്പിച്ചു. ബാങ്ക് ജീവനക്കാരനും സി.പി.എം തലപ്പുഴ 44ാം മൈല്‍ ബ്രാഞ്ച് കമ്മറ്റി അംഗവുമായ അനില്‍കുമാറിന്റെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്ന് സി.പി.എമ്മില്‍ നിന്നും എല്‍.ഡി.എഫിലെ ഘടകകക്ഷികളില്‍ നിന്നും ആവശ്യമുയര്‍ന്നതോടെയാണ് നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത് . ചൊവ്വാഴ്ച സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന അടിയന്തര ഏരിയാകമ്മിറ്റി യോഗം ചേര്‍ന്ന് പാര്‍ട്ടിയിലെ എല്ലാ സ്ഥാനത്ത് നിന്നും പി.വാസുവിനെ നീക്കം ചെയ്യുകയായിരുന്നു.

അതിനിടെ മരണപ്പെട്ട അനിലിന്റെ ഭാര്യ ബിന്ദു മോളുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തി.ബാങ്കിലെ സി.സി.ടി.വി.ദൃശ്യങ്ങളുടെ കോപ്പിയും പൊലീസ് പരിശോധനയ്ക്കായി എടുത്തു.ബന്ധുക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ആത്മഹത്യാ കുറിപ്പ് പൊലീസിന് കൈമാറാന്‍ കോടതി ഉത്തരവായി. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച മുന്‍ കൃഷി ഓഫീസറുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button