കോട്ടയം: 27 വിദ്യാര്‍ഥിനികളെ പ്രണയം നടിച്ച് വശീകരിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി മൂന്നുവര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം കല്ലറ മറ്റം ജീതുഭവനില്‍ ജിന്‍സു(24)വാണ് അറസ്റ്റിലായത്. ജില്ലയിലെ ഒരു സ്കൂളിലെ പ്രധാനാധ്യാപക നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സ്കൂള്‍ വിദ്യാര്‍ഥിനികളടക്കം പീഡനത്തിന് ഇരയായിട്ടുണ്ട്.
സ്വന്തം സ്കൂളിലെ വിദ്യാര്‍ഥിനിയെ യൂണിഫോമില്‍ സംശയാസ്പദമായ സാഹചര്യങ്ങളില്‍ ഒരാളോടൊപ്പം കണ്ടതായി അധ്യാപികയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇക്കാര്യം കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഓപ്പറേഷന്‍ ഗുരുകുലം’പദ്ധതി’യുടെ കോ ഓര്‍ഡിനേറ്റര്‍ കെ ആര്‍ അരുണ്‍കുമാറിന് ഇവര്‍ കൈമാറി. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ പൊലീസ് നിരീക്ഷിച്ചുവരുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ അനേകം പെണ്‍കുട്ടികളുമായുള്ള അശ്ലീല ചാറ്റിങ്ങുകളും കണ്ടെടുത്തു. രക്ഷിതാക്കളെ വിളിച്ചുവരുത്തി പൊലീസ് കാര്യങ്ങള്‍ ധരിപ്പിച്ചതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍നിന്നും പിന്മാറി.
ഇത്തരം ചതിക്കുഴികളെക്കുറിച്ച് പെണ്‍കുട്ടിയ്ക്ക് കൂടുതല്‍ അറിവു പകരുന്നതിനിടയിലാണ് തന്റെ കൂട്ടുകാരി കെണിയില്‍പ്പെട്ടിരിക്കുകയാണെന്ന വിവരം പൊലീസിന് കൈമാറിയത്. കൂട്ടുകാരി ആത്മഹത്യയുടെ വക്കിലാണെന്നും പെണ്‍കുട്ടി പറഞ്ഞു.
സ‌്ക്കൂള്‍ പ്രിന്‍സിപ്പാളിനെ ബന്ധപ്പെട്ട പൊലീസ് ഈ വിദ്യാര്‍ഥിനിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് രക്ഷിതാക്കളെയും വിദ്യാര്‍ഥിനിയെയും ജില്ലാ പൊലീസ് ചീഫ് ഓഫീസില്‍ എത്തിച്ചു. ഇവിടെ ഓപ്പറേഷന്‍ ഗുരുകുലം കോ ഓര്‍ഡിനേറ്റര്‍ അരുണ്‍കുമാര്‍, എഎസ്‌ഐ കെ ആര്‍ പ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍ കെ എം മിനിമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് ജിന്‍സുവിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
ജിന്‍സുവിനെ ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പ്രണയമായി. ഇയാളോടൊന്നിച്ച് എടുത്ത ഫോട്ടോ പിന്നീട് ഫെയ്സ്ബുക്കില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങളെടുത്തു. പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിന് ഇരയാക്കി. ഇതും മൊബൈലില്‍ ചിത്രീകരിച്ച് പലപ്പോഴായി പീഡിപ്പിച്ചു. പൊലീസിന് അടുത്തെത്തുമ്ബോള്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ജില്ലാ പൊലീസ് ചീഫ് ഹരിശങ്കറിന്റെ നിര്‍ദേശാനുസരണമാണ് കടുത്തുരുത്തി സിഐ കെ എസ് ജയന്റെ നേതൃത്വത്തില്‍ ജിന്‍സുവിനെ അറസ്റ്റ് ചെയ്തത്.
Post Your Comments