കുവൈത്ത് : ലോകത്തിലെ നീളംകൂടിയ പാലങ്ങളിൽ നാലാമത്തേത് കുവൈത്തിൽ. ഷെയ്ഖ് ജാബർ എന്ന് പേരിട്ടിരിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. ദേശീയ – വിമോചന ദിനാഘോഷത്തിന്റെ ഭാഗമായാകും പാലം രാജ്യത്തിന് സമർപ്പിക്കുകയെന്ന് റോഡ് ഗതാഗത അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ സഹീ അശ്കനാനി അറിയിച്ചു.
പാലത്തിന് ടോൾ പിരിക്കുന്ന കാര്യം തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് സഹീ അറിയിച്ചു. സുബിയ നഗരത്തെ കുവൈത്ത് സിറ്റിയുമായി ബന്ധിപ്പിക്കുന്നതാണ് പാലം. അത്രയും ദൂരം 90 മിനിറ്റിനു പകരം പുതിയ പാലത്തിലൂടെ 30 മിനിറ്റ് കൊണ്ട് ഓടിയെത്താൻ സാധിക്കും.
36.1 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന്റെ 27.5 കിലോമീറ്റർ ഭാഗവും കടലിന് മുകളിലൂടെയാണ്. 8 വരിപ്പാതയാണ് പാലത്തിൽ സജ്ജീകരിക്കുന്നത്. 1186 സ്പാനുകളും 1215 തൂണുകളുമുണ്ട് പാലത്തിന്. പാലം കടന്ന് പോകുന്ന വഴിയിൽ രണ്ട് കൃത്രിമ ദ്വീപുകളുമുണ്ടാക്കും. 3 ലക്ഷം ചരുതരശ്ര മീറ്റർ വിസ്തൃതിയുള്ള ദ്വീപിലേക്ക് ബോട്ട് സൗകര്യവുമൊരുക്കുമെന്നും അധികൃതർ അറിയിച്ചു.
Post Your Comments