പയ്യന്നൂര്‍: ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമത്തിലെ സ്വാമി ഗോപാല്‍ജിയെ കൊലപ്പെടുത്തിയത് : വിവാദമായ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം മുറുകുന്നു .
സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന പോലീസ് ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്നു മൊഴി രേഖപ്പെടുത്തിയതായി പയ്യന്നൂര്‍ പോലീസ്. വിവാദ വെളിപ്പെടുത്തല്‍ നടത്തിയ പയ്യന്നൂരിലെ എസ്.ഗോപാലകൃഷ്ണ ഷേണായി (52) യില്‍ നിന്നാണു പയ്യന്നൂര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.വിനോദ്കുമാര്‍ ഇന്നലെ മൊഴിയെടുത്തത്.
പയ്യന്നൂരിലെ ഒരു വ്യാപാരിയാണ് സ്വാമി ഗോപാല്‍ജിയെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലില്‍ പോലീസ് മൊഴിയെടുത്തത്. പയ്യന്നൂരിലെ ഒരു വ്യാപാരിയുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ആ വിരോധത്തിലാണു ചിലരുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ഗോപാല്‍ജി തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും ഗോപാലകൃഷ്ണന്‍ പോലീസിനു മൊഴി നല്കി.
പഴയങ്ങാടി വെങ്ങര സ്വദേശിയായ തൂണോളി ഹൗസിലെ ഗോപാലന്‍ എന്ന സ്വാമി ഗോപാല്‍ജിയെ 2003 നവംബറിലാണു ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് ഉത്തരേന്ത്യയിലുള്‍പ്പെടെ അന്വേഷിച്ചിട്ടും ഗോപാല്‍ജിയെ കണ്ടെത്താനായില്ല. പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നു ഗോപാല്‍ജിക്കു വേണ്ടിയുള്ള അന്വേഷണം തുടരണമെന്നും ഗോപാല്‍ജിയെപറ്റി എന്തെങ്കിലും വിവരം ലഭിച്ചാല്‍ കോടതിയെ സമീപിക്കണമെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്.
പിന്നീട് 15 വര്‍ഷങ്ങള്‍ക്കു ശേഷമാണു സ്വാമി ഗോപാല്‍ജിയെ കൊലപ്പെടുത്തിയതാണെന്നും ഇക്കാര്യത്തിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമുള്ള പയ്യന്നൂരിലെ ഗോപാലകൃഷ്ണ ഷേണായിയുടെ വെളിപ്പെടുത്തലുണ്ടായത്.
Post Your Comments