KeralaLatest News

കണ്ണൂര്‍ വിമാനത്തവാളത്തിലെത്തിയാല്‍ ഇനി വെറുതെ സമയം പാഴാക്കേണ്ട

വിമാനത്താവളത്തില്‍ കാല്‍ കുത്തിയ ഉടന്‍ യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാന്‍ എയര്‍ലൈനുകളുടെ കൗണ്ടറില്‍ പോകേണ്ടതില്ല എന്നതാണ് ഇവിടെ ഒരുക്കിയിരിക്കുന്ന ആദ്യത്തെ സൗകര്യം.

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് മറ്റ് വിമാനത്താവളങ്ങളിലേതുപോലെ നടപടികളിലെ സമയതാമസം കൊണ്ട് ക്യൂ നിന്ന് കഷ്ടപ്പെടേണ്ടി വരില്ല. അങ്ങനെ സമയ താമസം ഒഴിവാക്കുന്നതിനായി സ്വയം ചെക്ക് ഇന്‍ ചെയ്യാനും, ബാഗേജ് പരിശോധിക്കാനും ഉള്ള സൗകര്യങ്ങള്‍ കണ്ണൂരില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇന്‍ ലൈന്‍ എക്‌സ്‌റേ സംവിധാനവും കണ്ണൂര്‍ വിമാനത്തവാളത്തില്‍ ഒരുക്കിയിരിക്കുന്നു.

വിമാനത്താവളത്തില്‍ കാല്‍ കുത്തിയ ഉടന്‍ യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാന്‍ എയര്‍ലൈനുകളുടെ കൗണ്ടറില്‍ പോകേണ്ടതില്ല എന്നതാണ് ഇവിടെ ഒരുക്കിയിരിക്കുന്ന ആദ്യത്തെ സൗകര്യം. അതിനായി സെല്‍ഫ് ചെക്ക് ഇന്‍ മെഷീനുകള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ സ്വയം ചെക്ക് ഇന്‍ ചെയ്യാന്‍ കഴിയും. മാത്രമല്ല ബോര്‍ഡിങ് പാസ് ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ ബാഗേജുമായും അലയേണ്ടതില്ല. തുടക്കത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് സെല്‍ഫ് ബാഗേജ് ഡ്രോപ്പ് മെഷീന്‍ ഉപയോഗിക്കാവുന്നതാണ്. ബാഗേജ് പരിശോധനയ്ക്ക് എക്‌സ്‌റേ മെഷീനടുത്തേക്കും പോകേണ്ടതില്ല. ഇന്‍ – ലൈന്‍ എക്‌സ്‌റേ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നേരിട്ട് കൗണ്ടറിലേക്ക് പോകാനാകും.

ചെക്ക് ഇന്‍ ചെയ്യാന്‍ ആഭ്യന്തര-അന്താരാഷ്ട്ര വ്യത്യാസമില്ലാതെ ഇന്റഗ്രേറ്റഡ് ടെര്‍മിനലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 24 ചെക്ക് ഇന്‍ കൗണ്ടറുകളിലായി ഏത് യാത്രക്കാരനും ഈ നടപടികളെല്ലാം വേഗം പൂര്‍ത്തിയാക്കാന്‍ കഴിയും. മൂന്ന് ബാഗേജ് ബെല്‍റ്റുകള്‍ തിരക്കിനനുസരിച്ച് മാറ്റാന്‍ കഴിയുന്നവയാണ്. ഒരു മണിക്കൂറില്‍ രണ്ടായിരം യാത്രക്കാരെ വരെ ഇവിടെ സുഖമായി കൈകാര്യം ചെയ്യാം. കൂടാതെ ടെര്‍മിനലിലെ സ്ഥല സൗകര്യവും വിശാലവും ഇനിയും വികസിപ്പിക്കാന്‍ സാധിക്കുന്നതുമാണ്.

ഡേ ഹോട്ടലാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഹോട്ടല്‍ മുറിയെടുക്കാതെ ഏതാനും മണിക്കൂറുകള്‍ക്ക് മാത്രമായി യാത്രക്കാര്‍ക്ക് ടെര്‍മിനലില്‍ തന്നെ വിശ്രമമുറികള്‍ ലഭിക്കും. ഇതിനായി 20 മുറികളുടെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. ഇവിടെ ബാഗേജ്, ബോര്‍ഡിങ് പാസ് എന്നിവക്കുളള സ്റ്റാമ്പിങ് കൂടി ഒഴിവാക്കിയുള്ള സൗകര്യങ്ങളൊരുക്കാനാണ് ഇനി അധികൃതരുടെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button