കളമശേരി: ഗവ.മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും രോഗി ഇറങ്ങിപ്പോയി. നഴ്‌സുമാരോ സുരക്ഷാ ജീവനക്കാരനോ അറിയാതെയാണ് ഇയാള്‍ ഇറങ്ങിപ്പോയത്. എറണാകുളം മെഡിക്കല്‍ കേളേജിലാണ് സംഭവം. എടയക്കുന്നം വേവനാട്ടു പറമ്പില്‍ വി.വി.കാര്‍ത്തികേയന്‍ (67) ആണ് ഐസിയുവില്‍ നിന്ന് ഇറങ്ങിപ്പോയത്. വീണു തലയ്ക്കു പരുക്കേറ്റ് സംസാര ശേഷി നഷ്ടപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.
ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. അതേസമയം കാര്‍ത്തികേയന്‍ ചെന്നുപെട്ടത് ബന്ധുക്കള്‍ക്ക് മുന്നിലായതിനാലാണ് വേറെ ആപത്തൊന്നും സംഭവിക്കാതിരുന്നത്. വീണ് പരിക്കു പറ്റിയ ഇയാളെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കേളേജിലേയ്ക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ അവിടെയെത്തിയപ്പോള്‍ ന്യൂറോ സര്‍ജന്റെ സേവനം തിങ്കളാഴ്ചയെ ലഭിക്കൂയെന്നറിഞ്ഞപ്പോള്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഇല്ലാത്ത ഐസിയുവിലെ രോഗികള്‍ പൂര്‍ണമായും നഴ്‌സുമാരുടെയും നഴ്‌സിങ് അറ്റന്‍ഡര്‍മാരുടെയും നിയന്ത്രണത്തിലാണ്. അതേസമയം കാര്‍ത്തികേയന്‍ ഇറങ്ങിപ്പോയത് ആരും അറിഞ്ഞില്ല. ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെ മെഡിക്കല്‍ സൂപ്രണ്ടിനു പരാതി നല്‍കുമെന്നു കാര്‍ത്തികേയന്റെ ബന്ധു വിക്രമന്‍ അറിയിച്ചു.
Post Your Comments