മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ഉദ്ഘാടനച്ചടങ്ങിനുള്ള വേദിയുടെ നിർമാണം 60 ശതമാനം പൂർത്തിയായി. വേദിയിൽ മന്ത്രിമാരും ജനപ്രതിനിധികളുമടക്കം 120 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ആകെ 25,000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് സജ്ജീകരിക്കുന്നത്. വേദിയിൽ വിശിഷ്ടാതിഥികൾ ഇരിക്കുന്നതിന് പിന്നിലും ഇരുവശങ്ങളിലുമായാണ് എൽ.ഇ.ഡി. സ്‌ക്രീനുകൾ സജ്ജീകരിക്കുക.
ആദ്യവിമാനത്തിന്റെ ഫ്ളാഗ് ഓഫ് അടക്കമുള്ള ചടങ്ങുകൾ ഉദ്ഘാടനവേദിയിൽ തത്‌സമയം പ്രദർശിപ്പിക്കും. ഉദ്ഘാടനദിവസം രാവിലെ 7.30 മുതൽ വിവിധ കലാപരിപാടികളും ഉണ്ടാകും. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേർന്ന് ആദ്യവിമാനത്തിലെ യാത്രക്കാർക്ക് സ്വീകരണവും ഉപഹാരവും നൽകും. തുടർന്ന് ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യും. ആദ്യവിമാനത്തിന്റെ ഫ്ളാഗ് ഓഫ് നടത്തിയ ശേഷമാകും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഉദ്ഘാടനവേദിയിലെത്തുന്നത്.
Post Your Comments