പോർട്ട്ബ്ലെയർ: യുഎസ് പൗരൻ ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനൽ ദ്വീപിൽ അമ്പേറ്റ് മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി പോലീസ്. മരിച്ച ജോൺ അലൻ ചൗവിനെ അജ്ഞാത ദ്വീപിലേക്കു പോകുന്നതിനായി 2 യുഎസ് മതപ്രചാരകര്‍ പ്രോല്‍സാഹിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഗോത്രവിഭാഗക്കാരെ മതം മാറ്റുന്നതിനായിരുന്നു ഈ രീതി ഉപയോഗിച്ചതെന്നും പോലീസ് പറയുന്നു.
എന്നാൽ മതപ്രചാരകരുടെ പേരു വിവരങ്ങളോ സംഘടനയുടെ പേരോ പോലീസ് പുറത്തുവിട്ടില്ല. ചൗവിന്റെ ഫോണിലേക്ക് ഇവർ വിളിച്ചിരുന്നു. യുഎസ് പൗരത്വമുള്ള സ്ത്രീയെയും പുരുഷനെയും കുറിച്ചു കേസിന്റെ ഭാഗമായി അന്വേഷിച്ചു വരികയാണ്. ഇവർ ഇപ്പോൾ രാജ്യം വിട്ടുകഴിഞ്ഞു. മതപ്രചാരണം ലക്ഷ്യമാക്കിയ ഇവരാണു ചൗവിനെ ദ്വീപിലേക്കു പോകുന്നതിനു പ്രോൽസാഹിപ്പിച്ചത്– പോലീസ് പറഞ്ഞു.
നവംബർ 17നാണ് ജോൺ അലൻ ചൗ ഉത്തര സെന്റിനൽ ദ്വീപിൽ കൊല്ലപ്പെട്ടത്. സെന്റിനൽ ഗോത്രവിഭാഗത്തിന്റെ ഭാഷയോ ആചാരങ്ങളോ തുടങ്ങി യാതൊരു വിവരവും പുറംലോകത്തിന് അറിയില്ല. ഈ സാഹചര്യത്തിൽ ഗോത്രവിഭാഗത്തെ സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ദ്വീപിന് 5 കിലോമീറ്റർ ഇപ്പുറം വരെ പോകാൻ മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. അതേസമയം ചൗവിന്റെ മൃതദേഹത്തെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ആൻഡമാൻ നിക്കോബാർ പോലീസ് തലവൻ ദീപേന്ദ്ര പതക് വ്യക്തമാക്കി.
Post Your Comments