വയനാട്: ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കോൺഗ്രസ് നേതാവ് ഒ എം ജോർജ്ജിനെ തേടി പോലീസ് കർണാടകത്തിലേക്ക് . വയനാട് ജില്ലയിൽ ജോർജ് പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജോർജ് കർണാടകത്തിലേക്ക് കടന്നിരിക്കാമെന്ന് ബന്ധുക്കൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് കർണാടകത്തിലേക്ക് ഇന്ന് തിരിക്കുന്നത്.
ബെംഗലുരുവിൽ താമസിക്കുന്ന ജോർജിന്‍റെ ഉറ്റ സുഹൃത്തുക്കളെ കുറിച്ചുള്ള വിവരങ്ങളും ബന്ധുക്കള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ജോർജ് കോടതിയില്‍ കീഴടങ്ങുമോ എന്ന സംശയവും പോലീസിനുണ്ട്. അതുകൊണ്ട് തന്നെ ബത്തേരി, കല്‍പറ്റ, മാനന്തവാടി കോടതികളിലെത്തുന്നവർ പോലീസ് നിരീക്ഷണത്തിലാണ്.
പീഡനത്തിനിരയായ പെൺകുട്ടി ഇന്നലെ രാത്രി ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കി. ഇതിന്‍റെ പകര്‍പ്പ് ഇന്ന് പോലീസ് ആവശ്യപ്പെടും. അതേസമയം നാലുമണിക്കു മുമ്പ് പ്രതിയെയും സഹായികളെയും പിടികൂടിയില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് ആദിവാസി ക്ഷേമസമിതി മുന്നറിയിപ്പ് നല്‍കി. ബത്തേരി അര്‍ബൻ ബാങ്ക് വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് ജോർജിനെ പുറത്താക്കിയില്ലെങ്കില്‍ ഡിവൈഎഫ്ഐയും ഇന്നു വൈകിട്ട് ബാങ്കിനു മുന്നിൽ പ്രക്ഷോഭം തുടങ്ങുമെന്ന് അറിയിച്ചു.
മാതാപിതാക്കളോടൊപ്പം വീട്ടിൽ ജോലിക്ക് വന്ന പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വയനാട് ഡിസിസി സെക്രട്ടറിയും സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ ഒ എം ജോർജ് ബലാത്സംഗം ചെയ്തെന്നാണ് പരാതി . പെൺകുട്ടിയെ ഇയാൾ ഒന്നര വർഷം പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു . ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ഇപ്പോൾ ചൈൽഡ്‍ ലൈനിന്‍റെ സംരക്ഷണയിലാണ്.
Post Your Comments