ക്വാലലംപുർ: കാണാതായ മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പ്രതീക്ഷ കൈവിടാതെ കാണാതായവരുടെ ബന്ധുക്കൾ. മഡഗാസ്കർ ദ്വീപിനോടു ചേർന്നുള്ള ഭാഗങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികളാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ലഭിച്ച അവശിഷ്ടങ്ങൾ നാലുവർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായ മലേഷ്യൻ എയർലൈൻസ് വിമാനമായ എംഎച്ച് 370യുടേതാണെന്ന് കരുതുന്നു.
വിമാനത്തിന്റെ അഞ്ചു ഭാഗങ്ങളാണു കണ്ടെത്തിയത്. ഇതിൽ ഒരെണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അക്ഷരങ്ങൾ വായിക്കാൻ കഴിയുന്നുണ്ട്.വിമാനത്തോടൊപ്പം കാണാതായവരുടെ ബന്ധുക്കളാണ് ഈ അവശിഷ്ടങ്ങൾ ശേഖരിച്ച് മലേഷ്യൻ സർക്കാരിനു കൈമാറിയത്. ലഭിച്ച അവശിഷ്ടങ്ങളിലൊന്ന് ബോയിങ് വിമാനത്തിന്റെ ‘ഫ്ലോർ പാനലാ’ണെന്നു വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് എംഎച്ച് 370യുടേതാണോയെന്നറിയാൻ പരിശോധന ഇനിയും നടത്തേണ്ടതുണ്ട്.
ബോയിങ് 777 വിമാനം കാണാതായ സംഭവത്തിൽ നാലു വർഷത്തോളം അന്വേഷണം നടത്തി ഇക്കഴിഞ്ഞ ജൂലൈയിൽ മലേഷ്യൻ സർക്കാർ അന്തിമ റിപ്പോർട്ട് നൽകിയിരുന്നു. അതിന് പിന്നാലെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ ഈ സംഭവത്തെത്തുടർന്ന് അന്വേഷണം വീണ്ടും ആരംഭിച്ചിരിക്കുന്നയാണ് മലേഷ്യൻ സർക്കാർ.
2014 മാർച്ച് എട്ടിനാണ് 239 യാത്രക്കാരുമായി മലേഷ്യൻ എയർലൈന്‍സിന്റെ വിമാനം അപ്രത്യക്ഷമായത്. ഇന്നും ലോകത്തെ ഏറ്റവും വലിയ വ്യോമയാന ദുരൂഹതയായി തുടരുകയാണ് ഈ തിരോധാനം. 2016 ഡിസംബറിനും 2018 ഓഗസ്റ്റിനും ഇടയിൽ പലപ്പോഴായാണു മത്സ്യത്തൊഴിലാളികൾക്കു വിമാനത്തിന്റേതെന്നു കരുതുന്ന ഭാഗങ്ങൾ ലഭിച്ചത്. മഡഗാസ്കറിലെ മൂന്നു വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായിരുന്നു കണ്ടെത്തൽ. ഒരു കൈപ്പത്തിയോളം വലുപ്പമുള്ള ഭാഗം മുതൽ 60 സെ.മീ. വരെ വലുപ്പമുള്ള അവശിഷ്ടങ്ങളാണിത്.
Post Your Comments