Latest NewsKeralaIndia

അഞ്ചുവർഷം മുൻപും കോപ്പിയടി; ശ്രീചിത്രനെതിരെ വീണ്ടും ആരോപണം; തെളിവുകൾ നിരത്തി യുവ എഴുത്തുകാരൻ വൈശാഖൻ തമ്പി

തന്റെ എഴുത്ത് മോഷ്ടിച്ച ശ്രീചിത്രൻ, പിടിക്കപ്പെടും മുന്‍പ് തനിക്കെതിരെ കോപ്പിയടി ആരോപണമുന്നയിക്കുകയായിരുന്നു.

എസ്.കലേഷിന്റെ കവിത ദീപാ നിശാന്തിന് പ്രസിദ്ധീകരിക്കാൻ നൽകിയെന്ന ആരോപണം നേരിടുന്ന സാംസ്കാരിക പ്രഭാഷകൻ എം.ജെ.ശ്രീചിത്രനെതിരെ കൂടുതല്‍ ആരോപണങ്ങൾ. യുവ എഴുത്തുകാരൻ വൈശാഖൻ തമ്പിയാണ് അഞ്ച് വർഷങ്ങൾക്ക് മുൻപുണ്ടായ അനുഭവം ഫെയ്സ്ബുക്കിൽ തുറന്നുപറഞ്ഞിരിക്കുന്നത്. 2013 ഡിസംബറിൽ വൈശാഖനെതിരെ ഉയർന്ന വ്യാജ കോപ്പിയടി ആരോപണത്തിന്റെ സത്യവാസ്ഥ എന്തെന്നുകൂടി പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.

തന്റെ എഴുത്ത് മോഷ്ടിച്ച ശ്രീചിത്രൻ, പിടിക്കപ്പെടും മുന്‍പ് തനിക്കെതിരെ കോപ്പിയടി ആരോപണമുന്നയിക്കുകയായിരുന്നു. അന്ന് പലരുടെയും പരിഹാസത്തിൽ തളർന്നുപോയ തന്നെ രക്ഷപെടുത്തിയത് ഒരു ഓൺലൈൻ സുഹൃത്താണ്. അനൂപ് എം.ദാസ് എന്നുപേരുള്ള ഒരു സുഹൃത്തിന്റെ ഇടപെടൽ കൊണ്ട് തനിക്ക് നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞെന്നും അല്ലെങ്കിൽ അപമാനഭാരത്താൽ പ്രൊഫൈൽ പൂട്ടി താൻ എഴുത്തുനിർത്തി പോയേനെയെന്നും വൈശാഖൻ തമ്പി പറയുന്നു.

വൈശാഖന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

പണ്ട് ഞാൻ ഗുരുതരമായ ഒരു കോപ്പിയടി ആരോപണം നേരിട്ടിട്ടുണ്ട്. നാലഞ്ച് വർഷം മുൻപാണ്. ഒരു വാർത്തയുടെ പശ്ചാത്തലത്തിൽ, വ്യക്തിപരമായ ഒരു അനുഭവത്തിന്റെ അകമ്പടിയോടെ ഞാനെഴുതിയ ഒരു നീണ്ട പോസ്റ്റായിരുന്നു ആധാരം. അതിലെ കുറേ പാരഗ്രാഫുകൾ തന്റെ മുൻകാല ബ്ലോഗ് പോസ്റ്റിൽ നിന്നും ഞാൻ അതേപടി പകർത്തിയതാണ് എന്നാരോപിച്ച് സൈബർ ലോകത്തെ പ്രമുഖനായ ഒരു വ്യക്തി ആ പോസ്റ്റിന്റെ കീഴിൽ തന്നെ വന്നു. ഒരുപാട് മറ്റ് തിരക്കുകൾക്കിടയിലും, വ്യക്തിപരമായി വൈകാരികമായ ചില അംശങ്ങൾ ഉള്ളതുകൊണ്ടാണ് നീണ്ടൊരു പോസ്റ്റ് അന്ന് എഴുതിയത് തന്നെ. പോസ്റ്റിട്ട് ഞാൻ തിരക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് ആരോപണം ഉയർന്നത്. ആരോപണവും, കുറച്ചേറെ വായനക്കാരുടെ പരിഹാസവും ഒക്കെ കമന്റിൽ സംഭവിച്ച ശേഷമാണ് ഞാനത് കാണുന്നത്.

ഞാനാകെ അന്ധാളിച്ചുപോയി. അദ്ദേഹം പരാമർശിച്ച ബ്ലോഗ് പോസ്റ്റിൽ ചെന്നപ്പോഴുണ്ട്, എന്റെ പോസ്റ്റിലെ അതേ പാരഗ്രാഫുകൾ അതേപടി കിടക്കുന്നു. ആകെ എത്തും പിടിയും കിട്ടുന്നില്ല. ബ്ലോഗ് ഡേറ്റ് പഴയതാണ്. പക്ഷേ അതേ വരികൾ എങ്ങനെയാണ് അതേ ക്രമത്തിൽ എന്റെ മനസിലൂടെ വന്നത്! പോസ്റ്റിന്റെ തന്നെ പിന്നിലെ വൈകാരികത, തിരക്കുകൾ, ഒപ്പം ഇത്രയും ഗൗരവമുള്ള ഒരു കുറ്റാരോപണവും… അന്നുണ്ടായ പിരിമുറുക്കം ഇപ്പോഴും മറക്കാനായിട്ടില്ല.

യാദൃച്ഛികത കൊണ്ട് മാത്രം, അന്ന് എനിക്ക് നേരിട്ട് പരിചയം പോലുമില്ലാത്ത ഒരു ഓൺലൈൻ സുഹൃത്ത് എന്റെ നിരപരാധിത്വം സംശയലേശമന്യേ തെളിയിച്ചുകൊണ്ട് രംഗത്ത് വന്നു. ബ്ലോഗ് പോസ്റ്റ് എഡിറ്റ് ചെയ്താൽ, വായനക്കാർക്ക് അത് എപ്പോൾ നടന്നു എന്നറിയാൽ മാർഗമില്ല എന്ന് എനിക്ക് മനസിലായത് അന്നാണ്. എന്റെ പാരഗ്രാഫുകൾ തന്റെ പഴയ പോസ്റ്റിനിടയിലേക്ക് കോപ്പി-പേസ്റ്റ് ചെയ്തശേഷം, എന്റെ നേരെ കോപ്പിയടി ആരോപണം ഉന്നയിക്കുകയായിരുന്നു.

അനൂപ് എം ദാസ് എന്ന് പേരുള്ള ആ സുഹൃത്ത് തക്കസമയത്ത് ഇടപെട്ടില്ലായിരുന്നു എങ്കിൽ, എനിക്കൊരിക്കലും നിരപരാധിത്വം തെളിയിക്കാൻ കഴിയുമായിരുന്നില്ല. ഇന്ന് എഴുത്തുകാരൻ എന്നൊരു ലേബൽ എനിയ്ക്കുണ്ട്. പക്ഷേ അന്നാ വ്യാജ ആരോപണം ഡിഫൻഡ് ചെയ്യാൻ അനൂപ് യാദൃച്ഛികമായി അവിടെ എത്തിയില്ലായിരുന്നു എങ്കിൽ, അപമാനഭാരത്താൽ പ്രൊഫൈൽ അടച്ചുപൂട്ടി ഞാൻ എഴുത്ത് നിർത്തി പോയേനെ. അത്ര ഗൗരവകരവും അവിസ്മരണീയവുമായിരുന്നു എന്നെ സംബന്ധിച്ച് ആ സംഭവവും വ്യക്തിയും.

ഈ സംഭവം മറ്റൊരു കോപ്പിയടി ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കുറച്ചു നാൾ മുന്നേ ഞാൻ എഴുതിയിരുന്നു. ഇന്ന് രാവിലെ ഉറക്കമെണീറ്റപ്പോൾ ആരോ ആ എഴുത്ത് ഷെയർ ചെയ്തതായി നോട്ടിഫിക്കേഷൻ വന്നു. നോക്കിയപ്പോൾ മറ്റൊരു കോപ്പിയടി വാർത്തയാണ് പശ്ചാത്തലം. കൗതുകകരമായ കാര്യമെന്തെന്നാൽ, ഉച്ചയായപ്പോൾ ആ സംഭവത്തിൽ ഒരു പേര് കൂടി പൊങ്ങി വന്നു; ആ പഴയ പേര്, എന്നെ കോപ്പിയടിച്ചിട്ട് ഇങ്ങോട്ട് വന്ന് എനിക്കെതിരേ കോപ്പിയടി ആരോപിക്കാൻ മാത്രം കോൺഫിഡൻസ് കാണിച്ച അതേയാളിന്റെ പേര്! അവിടെ എന്താണ് സംഭവിച്ചിട്ടുണ്ടാകുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ എനിയ്ക്ക്. കാരണം അന്നേ ഞാൻ അയാളെ സ്കെച്ച് ചെയ്തതാണ്.

ഇത്രയൊക്കെ ആയിട്ടും പേരെടുത്ത് പറയാൻ മടിയുണ്ട്. എന്നെപ്പോലെ പലർക്കും നൈതികതയുടെ പേരിലുള്ള ഇത്തരം മടികളാണ് ആ പേരിന്റെ സംരക്ഷണവും. പക്ഷേ പണ്ട് ചുംബന സമരത്തിൽ പങ്കെടുത്ത ഒരു യുവദമ്പതിമാർ ഒരു നാറ്റക്കേസിൽ പ്രതിചേർക്കപ്പെട്ടമ്പോൾ അന്നാ സമരത്തെ അനുകൂലിച്ച സകലരും അപഹാസ്യരായത് മറന്നിട്ടില്ല. ആ cause-ന് വേണ്ടി സംസാരിച്ചവരെല്ലാം ആ ബാധ്യത പേറേണ്ടി വന്നു. അതുപോലൊരു പേടി ഇപ്പോഴുമുണ്ട്. ചരിത്രപരമായ രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കേരളം കടന്നുപോകുകയാണ്. ഇന്ന് നവോത്ഥാനമൂല്യങ്ങൾക്കൊപ്പം നിലപാടെടുക്കുന്നവർ നാളെ ഇത്തരം നാറ്റങ്ങളുടെ ബാധ്യത കൂടി പേറേണ്ടി വരുമോ എന്ന പേടിയുണ്ടെനിയ്ക്ക്!

തത്കാലം കൂടുതൽ പറയുന്നില്ല, തിരക്കുകളുണ്ട്. ആ പഴയ പോസ്റ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. പേര് നിങ്ങൾക്കറിയാമെങ്കിൽ, കമന്റ് സെക്ഷനിൽ നോക്കുക. അദ്ദേഹം പരമ മാന്യനായി എന്റെ നേരേ ആരോപണമുന്നയിക്കുന്നതും, അവിടെ തന്നെ മുഖംമൂടി വലിച്ചുകീറപ്പെട്ട്, ഉരുണ്ട് മറിഞ്ഞ് രക്ഷപ്പെടുന്നതും കാണാം. (ആൾക്ക് സ്വന്തം കമന്റുകൾ ഡിലീറ്റ് ചെയ്യാൻ കഴിയാത്തവിധമുള്ള പണി ഞാനന്നേ ഒപ്പിച്ചിരുന്നു. കാലം അതാവശ്യപ്പെടും എന്ന് തോന്നി) 

shortlink

Related Articles

Post Your Comments

Related Articles


Back to top button