ഉത്തരക്കടലാസ് നോക്കാൻ വൈകിയത് കാരണം പരീക്ഷാഫലം താമസിച്ചതിനാൽ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് തടസം നേരിടുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ കൃത്യവിലോപം കാണിച്ച അധ്യാപകരുടെ പേരുവിവരങ്ങൾ വെളിയിൽ വിട്ട് അഡ്വക്കറ്റ്. എ ജയശങ്കർ.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018-19ലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടത്:
2019ഫെബ്രുവരിയിൽ നടന്ന ബി.എ. മലയാളം രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസ് പരിശോധന ക്യാമ്പിൽ തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ ആറ് മലയാളം അസിസ്റ്റന്റ് പ്രൊഫസർമാർ തങ്ങൾക്കു ലഭിച്ച 165 ആൻസർ ബുക്കിൽ വെറും 35 എണ്ണം നോക്കി മാർക്കിട്ടു; ബാക്കി 130 എണ്ണം തിരിച്ചു കൊടുത്തു.
അദ്ധ്വാനശീലരും കർത്തവ്യ വ്യഗ്രരുമായ ആ ആറു ഗുരുശ്രേഷ്ഠർ താഴെ പറയുന്നവരാണ്.
1) ഡോ. രാജേഷ് എംആർ
2) ദീപ ടിഎസ്
3) പ്രിയ വർഗീസ്
4) ഡോ. ടികെ കല മോൾ
5) ഡോ. ബ്രില്ലി റാഫേൽ
6) ഡോ. എസ്. ഗിരീഷ് കുമാർ.
ഇവരിൽ രണ്ടാം പേരുകാരി പ്രമുഖ കവിതാ മോഷ്ടാവും സാംസ്കാരിക നായികയുമാണ്- ദീപ നിശാന്ത്. മൂന്നാം പേരുകാരി നിയുക്ത കണ്ണൂർ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ.
ഇവരുടെ ശ്രമഫലമായി റിസൽട്ട് ആറു മാസം വൈകി എന്നും ഓഡിറ്റ് റിപ്പോർട്ട് തുടരുന്നു.
എന്നിട്ടോ? ഒരു പാരിതോഷികവും ലഭിച്ചില്ല. കാരണം, കലിക്കറ്റ് യൂണിവേഴ്‌സിറ്റിയും ശ്രീ കേരളവർമ്മ കോളേജും ഭരിക്കുന്നത് അദ്ധ്വാനിക്കുന്നവരുടെ പാർട്ടിയാണ്.
അതേസമയം സംഭവത്തിൽ ആരോപണ വിധേയയായ ദീപാ നിഷാന്ത് വിശദീകരണവുമായി രംഗത്തെത്തി.
ദീപയുടെ കമന്റിന്റെ പൂർണ്ണ രൂപം:
കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്ക് കീഴിൽ എത്ര കോളേജുകളുണ്ടെന്നും അതിൽ എത്ര മലയാളം അധ്യാപകരുണ്ടെന്നും അന്വേഷിക്കുക. അവരിൽ എത്ര പേർ സ്ഥിരമായി മൂല്യനിർണയക്യാമ്പുകളിൽ പങ്കെടുക്കുന്നുണ്ട് എന്ന് സമയമുണ്ടെങ്കിൽ അന്വേഷിക്കുക.
മേൽപ്പറഞ്ഞ പേരുകാർ സർവീസിൽ കയറിയതിനു ശേഷം എത്ര ക്യാമ്പ് നടന്നിട്ടുണ്ട് എന്നും അതിൽ ഏതൊക്കെ ക്യാമ്പുകളിൽ അവർ പങ്കെടുക്കാതിരുന്നിട്ടുണ്ട് എന്നും അന്വേഷിക്കുക. ഉത്തരം കിട്ടും.
ക്യാമ്പിൽ സ്ഥിരമായി പങ്കെടുക്കാത്ത അധ്യാപകരുണ്ട്. അവരുടെ ജോലി കൂടി ക്യാമ്പിൽ ഹാജരാകുന്ന അധ്യാപകർ എടുക്കേണ്ടി വരുന്ന സാഹചര്യം ആവർത്തിച്ചപ്പോൾ ഒരു പ്രതിഷേധത്തിൻ്റെ ഭാഗമായി എല്ലാ അധ്യാപകരും ഹാജരാകുകയാണെങ്കിൽ നോക്കേണ്ടി വരുമായിരുന്ന ഉത്തരക്കടലാസുകൾ എത്രയാണെന്ന് നിജപ്പെടുത്തി അത് നോക്കുകയും ബാക്കി തിരികെ ഏൽപ്പിക്കുകയും ചെയ്തു. ആ പ്രതിഷേധത്തിന് ഞങ്ങൾക്ക് ശിക്ഷ ലഭിക്കുകയാണെങ്കിൽ ഒരൊറ്റ പേപ്പർ പോലും നോക്കാതെ വീട്ടിലിരുന്ന അധ്യാപകരെ യൂണിവേഴ്സിറ്റി എന്തു ചെയ്യും?
ഈ പ്രതിഷേധത്തിനു ശേഷം അതുവരെ വീട്ടിലിരുന്നവരെല്ലാം കൃത്യമായി ക്യാമ്പുകളിൽ ഹാജരാകാറുണ്ട് . അതുകൊണ്ടുതന്നെ അമിതഭാരം ഒരാൾക്കും വരുന്നുമില്ല എന്ന വ്യത്യാസം കൂടി ഉണ്ടായിട്ടുണ്ട് എന്നും അങ്ങയെ ഓർമ്മിപ്പിക്കട്ടെ. ഇത് പൊക്കിക്കൊണ്ടു തന്നവർ ഇതൊന്നും പറഞ്ഞു തരാൻ വഴിയില്ലെന്നറിയാം. വെറുതെ പറഞ്ഞെന്നേയുള്ളു. അങ്ങ് ജോലി തുടർന്നോളു.
Post Your Comments