തിരുവനന്തപുരം: ആഴക്കടലില്‍ പോകുന്ന മത്‌സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് ബോട്ടുകളിലും വള്ളങ്ങളിലും ഘടിപ്പിക്കുന്ന നാവിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് കെല്‍ട്രോണും ഫിഷറീസ് വകുപ്പും ധാരണാപത്രം ഒപ്പുവച്ചു. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെയും വ്യവസായ മന്ത്രി ഇ. പി. ജയരാജന്റേയും സാന്നിധ്യത്തില്‍ ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതിയും കെല്‍ട്രോണ്‍ എം. ഡി ടി. ആര്‍. ഹേമലതയുമാണ് ഒപ്പുവച്ചത്. ഫിഷറീസ് വകുപ്പിനായി ആദ്യ ഘട്ടത്തില്‍ അയ്യായിരം നാവിക് ഉപകരണങ്ങള്‍ കെല്‍ട്രോണ്‍ നിര്‍മിക്കാനാണ് ധാരണ. 500 ഉപകരണങ്ങള്‍ ഐ. എസ്. ആര്‍. ഒ നേരിട്ട് നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തില്‍ പതിനായിരം ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ഓര്‍ഡല്‍ നല്‍കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നിലവില്‍ മത്‌സ്യത്തൊഴിലാളികള്‍ക്ക് വിവരം നല്‍കാനുള്ള സംവിധാനമാണുള്ളത്. രണ്ടാം ഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് തിരിച്ച് കണ്‍ട്രോള്‍ റൂമില്‍ വിവരം നല്‍കാനുള്ള സംവിധാനം നാവിക്കില്‍ ഉള്‍പ്പെടുത്തും. കടലില്‍ പോകുന്ന മത്‌സ്യത്തൊഴിലാളികളുടെ കൃത്യമായ വിവരം ഫിഷറീസ് വകുപ്പിന് ലഭിക്കുന്നതിന് നടപടിയെടുത്തിട്ടുണ്ട്. തെക്കന്‍ മേഖലയില്‍ സാഗര ആപ്പും വടക്കന്‍ മേഖലയില്‍ എം. എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ തയ്യാറാക്കിയ ഫിഷര്‍മെന്‍ ഫ്രണ്ട്‌ലി മൊബൈല്‍ ആപ്പും ഇതിനായി ഉപയോഗിക്കും. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനുമായി ഇതിനുള്ള കരാറും ഒപ്പുവച്ചു.
നാവിക് ഉപയോഗിച്ച് കടലില്‍ 1500 കിലോമീറ്റര്‍ പരിധിയില്‍ സന്ദേശം നല്‍കാനാവുമെന്ന് വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു. നാവിക് ഉപകരണങ്ങളുടെ പരീക്ഷണം കടലില്‍ നടത്തി വിജയിച്ചതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നാവിക് ഒരു യൂണിറ്റിന് 8500 രൂപയാണ് ചെലവ്. മത്‌സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായാണ് നാവിക് നല്‍കുന്നത്. ഇതിനായി ഓഖി ഫണ്ടില്‍ നിന്ന് 15.92 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ഡിസംബര്‍ അവസാനത്തോടെ ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
Post Your Comments