ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. ശബരിമല സന്നിധാനത്ത് 52 കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചന കുറ്റം ചുമത്തിയ കേസിലാണ് ഇന്ന് വാദം കേള്‍ക്കുന്നത്. ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്. സുരേന്ദ്രന് ജാമ്യം നല്‍കരുതെന്നായിരിക്കും പോലിസ് കോടതിയില്‍ വാദിക്കുക.കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പൊലീസ് കസ്റ്റഡിയില്‍ അപയാപ്പെടുത്താനുള്ള ശ്രമമുണ്ടെന്നും ഇന്നലെ സുരേന്ദ്രന് പറഞ്ഞിരുന്നു.
അതേസമയം ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന കേസും തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന സുരേന്ദ്രന്റെ വാദം പോലീസ് തള്ളിയിരുന്നു. സുരേന്ദ്രന് പങ്കെടുത്തിട്ടുള്ള എല്ലാ പ്രതിഷേധ സമരങ്ങളും വാറണ്ടായി മാറുന്നു. ഇതെല്ലാം പ്രൊഡക്ഷന്‍ വാറണ്ടിട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുകയാണ് ലക്ഷ്യം. ശബരിമലയിലെ സ്ത്രീ ആക്രമണക്കേസില്‍ ജാമ്യം കിട്ടിയാലും സുരേന്ദ്രന് ഉടനൊന്നും പുറത്തു വരാന്‍ കഴിയില്ല. അത്രമാത്രം കേസുകള്‍ സുരേന്ദ്രനെതിരെ കൊണ്ടു വരികയാണ് പൊലീസെന്നാണ് പരക്കെ ആരോപണം.
പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായി 6 വാറന്റുകളാണ് ഇന്നലെ ജയിലിലെത്തിയത്.എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നു 2 വീതവും റാന്നിയില്‍ നിന്ന് ഒരു വാറന്റുമാണ് ഇന്നലെ പൊലീസ് ഹാജരാക്കിയത്. ഇനിയുള്ള ദിവസം കൂടുതല്‍ വാറണ്ടുകളെത്തിക്കാന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ അനൗദ്യോഗിക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. പല കേസുകളും സുരേന്ദ്രന് പോലും അറിയാത്ത കേസുകളാണ്.
ഒരു കേസിൽ ജാമ്യം കിട്ടുമ്പോൾ അടുത്ത കേസുമായി ആണ് ജയിലിൽ അടയ്കുന്നത്. നിരന്തരമായ യാത്രകള്‍ സുരേന്ദ്രനെ ശാരീരികമായി തളര്‍ത്തുന്നുമുണ്ട്. കണ്ണൂരില്‍ കൊണ്ടു പോയ സുരേന്ദ്രന് 30ന് കോഴിക്കോട് കോടതിയില്‍ ഹാജരാകണം. അതുകൊണ്ട് തന്നെ കോഴിക്കോട്ടെ കോടതിയില്‍ പാര്‍പ്പിക്കാമായിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് സുരേന്ദ്രനെ കൊട്ടാരക്കരയില്‍ കൊണ്ടു വന്നത്.
കോഴിക്കോട് നിര്‍ത്തിയാല്‍ സുരേന്ദ്രനെ കാണാന്‍ കുടുംബാംഗങ്ങള്‍ക്കും അവസരമുണ്ടാകുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് കോഴിക്കോട്ട് നിന്ന് സുരേന്ദ്രനെ മാറ്റിയതെന്നാണ് ആരോപണം. സിപിഎം അനുഭാവിയായ ഒരു എസ്ഐ ആണ് എസ്കോർട്ട് വന്നതെന്നും ഇയാൾ വണ്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കിയെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.
Post Your Comments