എറണാകുളം: ശബരിമലയിൽ സുപ്രീം കോടതിയുടെ പിൻബലത്തിൽ വിശ്വാസികളെ അറസ്റ്റ് ചെയ്തും നിരോധനാജ്ഞ പ്രഖ്യാപിച്ചും കടും പിടുത്തം തുടരുന്ന ഭരണകൂടം കോതമംഗലം ചെറിയ പള്ളിയുടെ കാര്യത്തിൽ കാട്ടിയ ഇരട്ടത്താപ്പ് ചർച്ചയാകുന്നു. സുപ്രീം കോടതിയുടെ അനുകൂല വിധിയുമായി എത്തിയ ഓർത്തഡോൿസ് വിഭാഗത്തിലെ വൈദീകനോടാണ് പോലീസിന്റെ ന്യായവാദം.
കാലാകാലങ്ങളായി നടക്കുന്ന ആചാരം ഉടനെ മാറ്റാൻ കഴിയില്ലെന്നും വിശ്വാസത്തിന്റെ പ്രശ്നമാണെന്നും പോലീസ് വൈദീകനോട് പറഞ്ഞു. ‘സ്ത്രീകളും കുട്ടികളുമടക്കം വലിയൊരു വിഭാഗം അവിടെ ഉണ്ട് . വിശ്വാസത്തിന്റെ പ്രശ്നമാണ്, കാലങ്ങളായി തുടരുന്ന ആചാരമാണ് . ഒറ്റദിവസം കൊണ്ട് അതിൽ മാറ്റം വരുത്തി വിധി നടപ്പിലാക്കാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടുണ്ടെന്നാണ് കുർബാന അർപ്പിക്കാൻ എത്തിയ തോമസ് പോൾ റമ്പാനോട് ഡി.വൈ.എസ്.പി കെ.ബിജുമോൻ വ്യക്തമാക്കിയത്.
യാക്കോബായ പക്ഷത്തിന് ഭൂരിപക്ഷമുള്ള കോതമംഗലം ചെറിയ പള്ളിയുടെ ഉടമസ്ഥാവകാശം സുപ്രീം കോടതി വിധിയനുസരിച്ചു ഓർത്തഡോൿസ് വിഭാഗത്തിനാണ്. എന്നാൽ ഓർത്തഡോൿസ് പക്ഷത്തിനെ പള്ളിയിലേക്ക് പ്രവേശിപ്പിക്കാൻ പോലും യാക്കോബായ വിഭാഗം അനുവദിക്കുന്നില്ല. ഇതോടെയാണ് വൈദീകൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. എന്നാൽ വിശ്വാസികളെ ബലം പ്രയോഗിച്ചു മാറ്റാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് പോൾ റമ്പാനോട് മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
ആവശ്യമുള്ള പൊലീസ് സന്നാഹം ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞു. ഇതോടെ അദ്ദേഹം തിരിച്ചു പോകുകയായിരുന്നു. ശബരിമലയിൽ സുപ്രീം കോടതി വിധി വന്നയുടൻ തന്നെ വിധി നടപ്പാക്കാൻ തിടുക്കം കൂട്ടിയ സർക്കാരിന് ഈ കോടതി വിധികൾ നടപ്പിലാക്കാൻ എന്താണ് താമസം എന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. പിറവം പള്ളിയുമായി ബന്ധപ്പെട്ട് കോടതി വിധി നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടിയും ആരോപണം ഉയർന്നിരുന്നു.
Post Your Comments