നിലയ്ക്കല്‍: ബിജെപി നേതാവിനെ നിലയ്ക്കലിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
ബിജെപി സംസ്ഥാന സമിതി അംഗം എൻബി രാജഗോപാലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് നല്കിയ നോട്ടീസ് ഒപ്പിട്ട് നല്‍കാത്തതിനാലാണ് നടപടിയെടുത്തത്.
എന്നാൽ താൻ ദർശനത്തിന് എത്തിയതാണെന്ന് രാജഗോപാൽ പോലീസിനെ അറിയിച്ചു. നിലയ്ക്കലില്‍ പ്രതിഷേധക്കാർ നിരോധനാജ്ഞ ലംഘിക്കാൻ സാധ്യത ഉള്ളതിനാൽ പോലീസ് പല ക്രമീകരണങ്ങളും നടത്തിയിരുന്നു. അതിനിടെയാണ് രാജഗോപാല്‍ നിലയ്ക്കലില്‍ എത്തിയത്.
രാജഗോപാലിനെതിരെ മൂന്ന് ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു. അതിനാല്‍ കൂടുതല്‍ പരിശോധനയ്ക്ക് ശേഷമല്ലാതെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി. ക്രമസമാധാനം തകര്‍ക്കില്ല എന്ന നിര്‍ദ്ദേശമടങ്ങിയ നോട്ടീസില്‍ ഇയാള്‍ ഒപ്പിട്ടില്ല എന്നും പോലീസ് പറയുന്നു. രാജഗോപാലിനെ എരുമേലി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Post Your Comments