ശബരിമല സ്ത്രീ പ്രവേശനത്തെ പൂര്‍ണ്ണമായും എതിര്‍ത്ത് അയ്യപ്പഭക്തരുടെ ഒപ്പം നിന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കേരളത്തിലെ ബിജെപി. ഇതോടൊപ്പം ഏറ്റവും ആത്മാര്‍ത്ഥതയോടെ ഇരുമുടിക്കെട്ടുമേന്തി ശബരിമലയിലേക്ക് തിരിച്ച നേതാവാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. എന്നാല്‍ സുരേന്ദ്രന്‍ ഏറ്റുവാങ്ങേണ്ടി വന്നത് ഏറ്റവും മോശമായ സമീപനങ്ങളും. അതേസമയം പൊലീസിന്റെ എടുത്തുചാടിയുള്ള അറസ്റ്റും ജയിലഴിയും സുരേന്ദ്രന് സമ്മാനിച്ചത് താരപരിവേഷമാണ്. സംസ്ഥാന മൊട്ടാകെ അല്ലെങ്കില്‍ ശബരിമല സ്ത്രീ പ്രവേശവിഷയത്തില്‍ ഉറ്റുനോക്കുന്നവര്‍ക്കിടയില്‍ സുരേന്ദ്രന് ലഭിച്ച ഈ താരപരിവേഷം ബിജെപി ഘടകത്തിന് ഒന്നാകെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
എസ് പി യതീഷ് ചന്ദ്രയുടെ വീരസാഹസികതയും മുഖ്യമന്ത്രിയും ഇരട്ടചങ്കും കെ സുരേന്ദ്രന്റെ അറസ്റ്റ് എളുപ്പത്തിലാക്കി. എന്നാല്‍ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു കാര്യങ്ങള്‍. ഇരുമുട്ടിക്കെട്ടുമേന്തിയെത്തിയ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് ജനങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള അമര്‍ഷം തന്നെയുണ്ടാക്കി. ഒപ്പം പരസ്പരം മിണ്ടാതിരുന്ന ബിജെപി ഗ്രൂപ്പുകള്‍ ജനനേതാവിന്റെ അറസ്റ്റോടെ ഒന്നിച്ച് പൊരുതുന്ന കാഴ്ചയും കാണേണ്ടി വന്നു. സുരേന്ദ്രന്റെ അറസ്റ്റ് തെല്ലൊന്നുമല്ലാത്ത സഹതാപ തരംഗം തന്നെ ഇവിടെയുണ്ടാക്കി. ചുരുക്കി പറഞ്ഞാല്‍ കെ സുരേന്ദ്രന് ലഭിച്ചത് ഒരു താരപരിവേഷം തന്നെ. സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് പ്രക്ഷോഭ പരിപാടികളിലൂടെയും ജനനേതാവിന്റെ അറസ്റ്റില്‍ പ്രതിഷേധം അറിയിച്ച് ജനങ്ങള്‍ മുന്‍പോട്ടു വന്നു.
ഉള്ളി സുരയെന്ന് രാഷ്ട്രീയ വിരോധികള്‍ വിളിച്ചിരുന്ന സുരേന്ദ്രന്റെ റേഞ്ച് തന്നെ മാറ്റി മറിക്കുന്നതായിരുന്നു ശബരിമല വിഷയത്തിലെ അറസ്റ്റെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. തന്നെ അറസ്റ്റ് ചെയ്ത് ജയിലലടച്ച പൊലീസ് ഉദ്യോഗസ്ഥരും മറ്റ് രാഷ്ട്രീയക്കാരും ഒരു പക്ഷേ നാളെ സുരേന്ദ്രന് മുന്‍പില്‍ സല്യൂട്ട് ചെയ്യുന്ന കാഴ്ചയും നമുക്ക് കാണേണ്ടി വന്നേക്കാം. ജനനേതാവിന്റെ അറസ്റ്റുണ്ടാക്കിയ കോളിളക്കം ഒരുപക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ടാകും. ഒരു കേന്ദ്രമന്ത്രി പദം സുരേന്ദ്രന് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. അങ്ങനെ ചിന്തിക്കത്തക്ക രീതിയില്‍ തന്നെയാണ് ഈ കുറഞ്ഞ ദിവസത്തിനുള്ളില്‍ സുരേന്ദ്രന് ലഭിച്ചിട്ടുള്ള താരപരിവേഷം. മന്ത്രി സഭയിലെത്തിയാല്‍ സുരേന്ദ്രന് ആറ് മാസം കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മതിയാകും. എന്നാല്‍ ചിലപ്പോള്‍ അതുപോലും വേണ്ടി വരില്ല. കേന്ദ്രസര്‍ക്കാര്‍ കാലാവധി കഴിയുന്ന ഈ അവസരത്തില്‍. എന്തുതന്നെയായാലും ഇത് സുരേന്ദ്രന്റെ രാഷ്ട്രീയ ചരിത്രത്തിലെ പൊന്‍തൂവല്‍ തന്നെയായിരിക്കും.
ശബരിമലയിലെ ആചാര സംരക്ഷത്തിനൊപ്പം ആത്മാര്‍ത്ഥമായി നിലകൊള്ളുമെന്ന് പറഞ്ഞ നേതാവിനെ ക്രിമിനല്‍ കുറ്റവാളികളോടെന്ന പോലെ പെരുമാറിയ കേരള പോലീസ് വരും നാളുകളില്‍ ഒരു സല്യൂട്ട് സുരേന്ദ്രന് വേണ്ടി മാറ്റി വെക്കേണ്ടി വരുമെന്ന് തന്നെയാണ് സൂചന.
അതേസമയം സംസ്ഥാന മുഖ്യന്‍ ഇത് അറിഞ്ഞു കാണുമോ? അതോ ഒരു കൂട്ടം പേരുടെ നിക്ഷിപ്ത താല്‍പര്യം മാത്രമായിരുന്നോ സുരേന്ദ്രന്റെ അറസ്റ്റ്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയുള്ളവരുടെ ഇടയിലൂടെയാണ് സംസ്ഥാന ഭരണം മുന്‍പോട്ട് പോകുന്നത്. ഒരു കേസിന് പിന്നാലെ മറ്റു കേസുകള്‍ ചാര്‍ത്തി സുരേന്ദ്രനെ ജയിലിലടക്കാനുള്ള നീക്കവും ഈ രാജഭക്തി തെളിയിക്കുന്നത് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികാര അട്ടഹാസം വരും നാളുകളില്‍ വിഡ്ഢിച്ചിരിയായി മാറുന്ന കാഴ്ച കേരളത്തിന് കാണേണ്ടി വരുമെന്നാണ് കണക്കുകൂട്ടലുകള്‍.
അതേസമയം തനിക്കെതിരായ കേസുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഗൂഢാലോചനയാണെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. എന്തൊക്കെ പ്രശ്‌നം വന്നാലും ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിലകൊള്ളുമെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ചു പറഞ്ഞു. തന്നെ ജയിലില്‍ അടയ്ക്കുകയെന്ന ഉദ്ദേശത്തോടെ മുഖ്യമന്ത്രിയും സര്‍ക്കാരും മനപ്പൂര്‍വം കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നാണ് സുരേന്ദ്രന്റെ ആരോപണം. മഞ്ചേശ്വരത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നിന്നും തന്നെ മാറ്റി നിര്‍ത്താനുള്ള സിപിഎമ്മിന്റെ അടവാണ് ഇതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നിലവില്‍ ഒമ്പത് കേസുകളാണ് സുരേന്ദ്രനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് സുരേന്ദ്രന്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത്. ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ഈ അറസ്റ്റ്.
അതേസമയം സുരേന്ദ്രനെ അറസ്റ്റ് ചെയ്യുന്നതോടെ ബിജെപി നേതാക്കള്‍ ശബരിമലയില്‍ എത്താന്‍ മടിക്കുമെന്ന ഹിജന്‍ അജണ്ടയായിരിക്കാം ഈ അറസ്റ്റിന് പിന്നിലെന്നും സംശയിക്കുന്നു. സുരേന്ദ്രന്റെ അറസ്റ്റും ജയില്‍ മോചനം വൈകിയതും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നു തന്നെയാണ് ഒരു വിഭാഗം ബിജെപി നേതാക്കള്‍ വിശ്വസിക്കുന്നത്. രാഷ്ട്രീയ പകപോക്കലും നാടകീയ മൂഹൂര്‍ത്തങ്ങളും ഇനിയും ശബരിമലയില്‍ സാക്ഷ്യം വഹിക്കിച്ചേക്കും. വിശ്വാസികളുടെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഒരു കൂട്ടരും എന്തു വില കൊടുത്തും സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് മറ്റൊരു കൂട്ടരും, ഇതിനിടയില്‍ ഇതെല്ലാം വോട്ട് ബാങ്കാക്കി മാറ്റാമെന്ന് ചിന്തിക്കുന്ന മറുകൂട്ടരും അക്ഷീണം പ്രവര്‍ത്തിക്കട്ടെ, അയ്യപ്പന്റെ സന്നിധിയില്‍ ആരൊക്കെ എത്തുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.
Post Your Comments