തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി ബിജെപി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.
സുരേന്ദ്രന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഞായറാഴ്ചയും തിങ്കളാഴ്ചയും ഇതേവിഷയം ഉന്നയിച്ചു ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാര്‍ച്ച് പോലീസ് ക്ലിഫ് ഹൗസിനു മുന്നില്‍ ബാരികേഡ് ഉപയോഗിച്ചു തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍നിന്നു പ്രതിഷേധിക്കുകയാണ്.
അതേസമയം പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രനു ജാമ്യം ലഭിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡി.വൈ.എസ്.പിമാരായ പി.പി സദാനന്ദന് , പ്രിന്‍സ് എബ്രഹാം എന്നിവരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല.
സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചാല്‍ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിച്ചേക്കും. ചൊവ്വാഴ്ച വീണ്ടും സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. സന്നിധാനത്ത് 52 കാരിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലാണ് കെ.സുരേന്ദ്രന്.
കോടതിയില്‍ ഹാജരാകണമെന്ന് അറിയിക്കുന്ന സമന്‍സ് കിട്ടിയില്ലെന്നു കെ സുരേന്ദ്രന് കോടതിയെ അറിയിച്ചു. പല തവണയായ കേസിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഫെബ്രുവരി 14നു സുരേന്ദ്രന് വീണ്ടും ഹാജരാകണം.
Post Your Comments