Latest NewsKerala

ശബരിമല: ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പൊതുവില്‍ അംഗീകരിക്കുന്നത് -മുഖ്യമന്ത്രി

തിരുവനന്തപുരം•ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പൊതുവില്‍ അംഗീകരിക്കുന്നതാണ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യഥാര്‍ഥ ഭക്തരെ കലാപകാരികളില്‍ നിന്ന് സംരക്ഷിക്കുന്ന നിലപാടാണ് ശബരിമലയില്‍ പോലീസ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന യഥാര്‍ഥഭക്തര്‍ക്ക് തടസം കൂടാതെ ദര്‍ശനം നടത്താന്‍ ഉദ്ദേശിച്ചുള്ളതാണ് നിരോധനാജ്ഞയെന്ന് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമസഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ശബരിമലയില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനോ നശിപ്പിക്കാനോ ആരെങ്കിലും ശ്രമിച്ചാല്‍, സമാധാന അന്തരീക്ഷം തകര്‍ത്താല്‍ അത്തരം വ്യക്തികളെ കണ്ടെത്താനും അവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കാനും പോലീസിന് അധികാരമുണ്ട് എന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. അതായത് ശബരിമലയില്‍ അക്രമികളെ നേരിടുന്നതിന് പോലീസിന് പൂര്‍ണ അധികാരം നല്‍കുന്നതാണ് വിധിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് യഥാര്‍ഥ ഭക്തര്‍ക്ക് ബുദ്ധമുട്ടുണ്ടാക്കരുതെന്ന് കോടതി നിര്‍ദേശിക്കുന്നു. വാദത്തിനിടയില്‍ നടന്ന ചോദ്യങ്ങളെ വിമര്‍ശനമായി മാധ്യമങ്ങള്‍ ഉന്നയിക്കുകയാണ്. അവ കോടതി ഉത്തരവുകളില്‍ പറഞ്ഞിട്ടില്ല. ഒരു പോലീസ് ഉദ്യോഗസ്ഥനെയും 14 പേജുള്ള ഉത്തരവില്‍ വിമര്‍ശിക്കുന്നില്ല.

എ.ജിയും പോലീസും പറഞ്ഞ കാര്യങ്ങള്‍ കോടതി വിശ്വാസത്തില്‍ എടുക്കുന്നുമുണ്ട്. സന്നിധാനത്ത് ശരണം വിളി തടഞ്ഞിട്ടില്ല. നവംബര്‍ 22ലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ ഈ ഉത്തരവ് പ്രകാരം യാതൊരു തടസ്സവുമില്ല.

യഥാര്‍ഥ ഭക്തര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു തടസവും ഉണ്ടായിട്ടില്ല. എന്നാല്‍ ശബരിമലയില്‍ കലാപമുണ്ടാക്കുന്നവര്‍ക്കും ഭക്തരെ തടയാന്‍ ശ്രമിക്കുന്നവര്‍ക്കും എതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ശരിയായ ഭക്തരെ ആരെയും തടഞ്ഞിട്ടില്ലെന്ന് മാത്രമല്ല അവരെ കലാപകാരികളില്‍ നിന്ന് സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button