കമ്പനിയും ജോലിക്കാരനും തമ്മിലുള്ള ഇടപെടല്‍ വളരെ എളുപ്പമാക്കുമെന്ന വാദവുമായി ത്വക്കിനടിയില്‍ മൈക്രോചിപ്പുകള്‍ ധരിക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് ബയോഹാക്സ് (Biohax) എന്ന സ്വീഡിഷ് കമ്പനി. സ്വീഡനില്‍ നേരത്തേ തന്നെ ഇത്തരമൊരു പദ്ധതി വന്നിരുന്നു. ജോലിക്കാരന്റെ കമ്പനിക്കുള്ളിലെ ഐഡന്റിറ്റി കാര്‍ഡ് ആയാണ് ശരീരത്തില്‍ ഉള്ള ചിപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതുവഴി വാതിലില്‍ ഘടിപ്പിച്ച സെന്‍സറുകള്‍ക്ക് തൊഴിലാളികളെ തിരിച്ചറിയാനാകുന്നു. ഓഫിസിന്റെ മുറികള്‍ക്കുള്ളിലേക്കുള്ള പ്രവേശനം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഓഫിസിനുള്ളില്‍ ക്യാന്റീനിലും മറ്റും പണമടയ്ക്കാനുമിത് ഉപയോഗിക്കാം. ഒരു ജോലിക്കാരന്‍ പ്രവേശിക്കേണ്ടാത്ത ഇടം ഓഫിസിലുണ്ടെങ്കില്‍ അവിടെ കടക്കാതിരിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ചിപ്പിന് ചെയ്യാം.
തള്ളവിരലിനും ചൂണ്ടുവരിലിനുമിടയില്‍, ത്വക്കിനടിയില്‍ സ്ഥാപിക്കുന്ന ഇലക്ട്രോണിക് സര്‍ക്യൂട്ടുകളെ കമ്പനിയില്‍ കിട്ടുന്ന അംഗീകാരമായ് കാണുന്ന ജീവനക്കാരും സ്വകാര്യതയെ ഇല്ലായ്മചെയ്യുന്ന കാര്യമായ് കാണുന്ന ജീവനക്കാരും ഉണ്ട്. അതുകൊണ്ട് തന്നെ ആദ്യകാലത്ത് ചിപ്പു വയ്ക്കാനും വയ്ക്കാതിരിക്കാനും ജോലിക്കാര്‍ക്ക് അനുമതിയുണ്ടാകുമെന്നാണ് ദി ടെലിഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ത്വക്കിനടിയില്‍ ചിപ്പ് ധരിക്കലുമായി ബന്ധപ്പെട്ട് ഏതെല്ലാം കമ്പനികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ബയോഹാക്സ് പുറത്തു വിട്ടിട്ടില്ല. വളര്‍ത്തുമൃഗങ്ങളില്‍ ഇത്തരം ചിപ്പുകള്‍ വയ്ക്കുന്ന രീതി നിലവിലുണ്ട്. അത്തരം മൈക്രോ ചിപ്പുകള്‍ തന്നെയായിരിക്കും ജോലിക്കാരിലും വയ്ക്കുക. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ചിപ്പ് ശരീരത്തിനുള്ളില്‍ ഘടിപ്പിക്കാന്‍ സാധിക്കും എന്നാണ് ബയോഹാക്സ പറയുന്നത്. കോണ്ടാക്ട്ലെന്‍സ് പെയ്മെന്റ് സിസ്റ്റത്തെപ്പോലെയായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ആവശ്യം വരുമ്പോള്‍ ജീവനക്കാര്‍ സ്‌കാനറിനു നേരെ കൈ ഉയര്‍ത്തിക്കാണിച്ചാല്‍ മതിയാകും. ബ്രിട്ടനിലെ ദി ട്രെയ്ഡ് യൂണിയന്‍ കോണ്‍ഗ്രസ് തുടങ്ങിയ തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നു കഴിഞ്ഞു.തൊഴിലാളികളുടെ സ്വകാര്യതയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഇല്ലാതാക്കുന്നത് എന്നാണ് ഇവരുടെ വാദം.
Post Your Comments