KeralaLatest News

അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കത്തില്‍ നിന്ന്‌ ബി.ജെ.പി ആര്‍.എസ്‌.എസ്‌ നേതൃത്വം പിന്തിരിയണം-എല്‍.ഡി.എഫ്

തിരുവനന്തപുരം•ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കി അതിന്റെ പേരില്‍ കേരളത്തില്‍ അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കത്തില്‍ നിന്ന്‌ ബിജെപി ആര്‍.എസ്‌.എസ്‌ നേതൃത്വം പിന്തിരിയണം. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവില്‍ സമൂഹവിരുദ്ധരെയും അക്രമികളെയും ശബരിമലയില്‍ എത്തിച്ച്‌ കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം പുറത്തു വന്നിരിക്കുകയാണ്‌. ഓരോ ജില്ലയില്‍ നിന്നും പ്രവര്‍ത്തകരെ സംഘടിപ്പിച്ച്‌ ശബരിമലയില്‍ എത്തിക്കണമെന്ന സര്‍ക്കുലര്‍ കലാപ നീക്കത്തിന്‌ തെളിവാണ്‌. ശബരിമല പ്രക്ഷോഭം ശക്തമാക്കുമെന്ന്‌ ബി.ജെ.പി പ്രസിഡണ്ട്‌ പിഎസ്‌.ശ്രീധരന്‍ പിള്ള പറഞ്ഞതിന്‌ തൊട്ടുപിന്നാലെയാണ്‌ സെക്രട്ടറി എഎന്‍ രാധാകൃഷ്‌ണന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്‌. വിശ്വാസി സമൂഹം ഇത്‌ അംഗീകരിക്കില്ലെന്ന്‌ തീര്‍ച്ചയാണ്‌.

ശബരിമലയെ കലാപ കേന്ദ്രമാക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക്‌ ഒപ്പമാണെന്ന്‌ മുഖ്യമന്ത്രി ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌. സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കാതെ മറ്റു വഴിയില്ലെന്നത്‌ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്‌. യുവതീ പ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുകയല്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങും പറഞ്ഞിട്ടുണ്ട്‌. ബിജെപിയുടെ സമരം സ്‌ത്രീ പ്രവേശനത്തിന്‌ എതിരല്ലെന്നാണ്‌ ശ്രീധരന്‍ പിള്ളയുടെ മലക്കംമറിച്ചില്‍. സുപ്രീംകോടതി വിധിയുടെ മറവില്‍ കേരളത്തില്‍ കലാപം അഴിച്ചുവിട്ട്‌ സര്‍ക്കാരിനെ അട്ടിമറിക്കുകയാണ്‌ ബി.ജെ.പിയുടെ ലക്ഷ്യമെന്ന്‌ ഇതില്‍ നിന്നും വ്യക്തമാണ്‌.

വിശ്വാസികള്‍ സമാധാനപൂര്‍വ്വം ദര്‍ശനം നടത്തി തിരിച്ചുപോകുന്നു. ആര്‍.എസ്‌.എസും, ബി.ജെ.പിയും തെരഞ്ഞെടുത്തയച്ച അക്രമിസംഘങ്ങളാണ്‌ അവിടെ കുഴപ്പം സൃഷ്ടിക്കുന്നത്‌. കലാപം സൃഷ്ടിക്കാന്‍ മാത്രമുള്ള സമരത്തില്‍ നിന്നും ബി.ജെ.പിയും സംഘപരിവാറും പിന്മാറണം. സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും മുന്നില്‍ നിര്‍ത്തി ശബരിമല പിടിച്ചെടുക്കാമെന്നാണ്‌ കരുതുന്നതെങ്കില്‍ അത്‌ വിലപ്പോകില്ല. മാധ്യമങ്ങളെയും പൊലീസിനെയും ഭീ്‌ഷണിപ്പെടുത്തി ഗുജറാത്ത്‌ മാതൃകയില്‍ അക്രമം അഴിച്ചുവിടാന്‍ കേരളജനത അനുവദിക്കില്ല.

ശബരിമലയില്‍ യഥാര്‍ത്ഥ വിശ്വാസികളുടെ ബുദ്ധിമുട്ട്‌ പരാമവധി ഒഴിവാക്കി സുഗമമായ തീര്‍ത്ഥാടനമാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. പ്രതിപക്ഷം ഉള്‍പ്പെടെ ഇതിനോട്‌ സഹകരിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. ശബരിമല കേന്ദ്രീകരിച്ചുള്ള അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന്‌ എല്‍ഡിഎഫ്‌ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button