Latest NewsIndia

മൂന്ന് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പടെ 53 ബി.ജെ.പി നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

ഭോപ്പാല്‍•മൂന്ന് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പടെ 53 നേതാക്കളെ ബി.ജെ.പി പാര്‍ട്ടിയില്‍ നിന്നും ആറുവര്‍ഷത്തേക്ക് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പുറത്താക്കല്‍. മുന്‍ മന്ത്രിമാരായ സര്‍താജ് സിംഗ്, രാമകൃഷ്ണ കുസ്മാരിയ, കെ.എല്‍ അഗര്‍വാള്‍ എന്നിവരാണ്‌ പുറത്താക്കപ്പെട്ട മന്ത്രിമാര്‍.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും നാമനിര്‍ദ്ദേശം പിന്‍വലിക്കാതിരുന്നതിനെ തുടര്‍ന്നുമാണ് പാര്‍ട്ടി നടപടിയെടുത്തത്. ഇപ്പോള്‍ ഇവര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മത്സരിക്കുന്നത്.

പാര്‍ട്ടി നേതാക്കള്‍ ഇവരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

കോണ്‍ഗ്രസും വിമത ശല്യത്തില്‍ നിന്നും മുക്തമല്ല. എങ്കിലും 35 ഓളം വിമതരെ കൊണ്ട് നാമനിര്‍ദ്ദേശം പിന്‍വലിപ്പിക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നാമനിര്‍ദ്ദേശം പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്ന ജബുവയില്‍ നിന്നുള്ള മുന്‍ സമാജികനായ സേവിയര്‍ മേദയെ പാര്‍ട്ടിയില്‍ നിന്നും ആറുവര്‍ഷത്തേക്ക് പുറത്താക്കി. ഇദ്ദേഹം ജബുവയില്‍ നിന്നും മുന്‍ സാമാജികന്‍ കാന്തിലാല്‍ ഭുരിയയുടെ മകന്‍ വിക്രാന്ത് ഭുരിയയ്ക്കെതിരെ സ്വതന്ത്രനായി മത്സരിക്കും.

നവംബര്‍ 28 നാണ് സംസ്ഥാനത്തെ 230 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദ്ദേശം പിന്‍വലിക്കലും തള്ളലും കഴിഞ്ഞ ശേഷം 2932 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 578 നാമനിര്‍ദ്ദേശങ്ങള്‍ തള്ളി. 538 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശം പിന്‍വലിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button