തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിധി പുനപരിശോധിക്കാനുളള ഹര്‍ജികള്‍ സുപ്രീം കോടതി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറായത് തന്നെ വിശ്വാസികള്‍ക്ക് അനുയോജ്യമായ ഒരു നീക്കമാണ്. സര്‍ക്കാര്‍ ഇത് മനസിലാക്കി മണ്ഡല മകരവിളക്ക് കാലത്ത് യുവതികളെ പ്രവേശിപ്പിക്കുമെന്നുളള പിടിവാശിയില്‍ നിന്ന് പിന്‍മാറണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്നുളള സുപ്രീംകോടതിയുടെ തീരുമാനത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു. കോടതി വിധി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വാദം തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തന്നെ പരിഗണിച്ചത് ഭക്തര്‍ക്ക് അനുകൂലമാണ്.കോടതിയുടെ തീരുമാനം ഭക്തജന ലക്ഷങ്ങള്‍ക്ക് ആശാവഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് മാത്രമാണ് പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചതെന്നും പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഹര്‍ജി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിന്‍റെ എല്ലാം വെളിച്ചത്തില്‍ സര്‍ക്കാര്‍ അവരുടെ നിലവിലുളള നയത്തില്‍ കടിച്ച് തൂങ്ങാതെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കാത്ത് സൂക്ഷിക്കുന്നതിനുളള പക്വമായ നിലപാട് എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Post Your Comments