സനാ: യെമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്നു. യെമന്‍ സര്‍ക്കാരും ഷിയാ വിഭാഗക്കാരായ ഹൂതി വിമതരും തമ്മിലുള്ള പോരാട്ടത്തില്‍ 10 ദിവസത്തിനിടെ 400-ലധികം വിമതര്‍ കൊല്ലപ്പെട്ടു. 18 സൈനികര്‍ മരിച്ചതായും ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ സ്ഥിരീകരിച്ചു. വിമത കേന്ദ്രമായ ഹോദെയ്ദ പിടിച്ചെടുക്കാനുള്ള ശ്രമമാണ് യുദ്ധം രൂക്ഷമാക്കുന്നത്.
കലാപകാരികളെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നും, സൈന്യം ജനവാസ കേന്ദ്രമായ കിഴക്കന്‍ ഹോദെയദയിലെത്തുമെന്നും സൈനിക വക്താവ് അറിയിച്ചു.ഇതോടെ ഹൂതി നിയന്ത്രണത്തിലുള്ള നഗരം പിടിക്കാനുള്ള യമന്‍ സേനയുടെ ശ്രമം വിജയത്തോട് അടുക്കുകയാണ്. വന്‍ ആള് നാശം നേരിടുന്നതോടെ ഹൂതികള്‍ പലയിടത്തു നിന്നും പിന് വാങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിരന്തരയുദ്ധ ഭീഷണിയിലുള്ള യെമനിലെ പ്രധാനപ്പെട്ട ജനവാസകേന്ദ്രങ്ങളിലൊന്നാണ് ഹോദെയ്ദ. ഇറാന് പിന്തുണയുള്ള ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ് 2014 മുതല്ഹോദെയ്ദ . ഭൂരിഭാഗം കയറ്റുമതിയും സന്നദ്ധസഹായങ്ങള്‍ കൈമാറുന്നതും ഇവിടത്തെ തുറമുഖം വഴിയാണ്. ഇറാന് ഹൂതികള്‍ക്ക് ആയുധങ്ങള്‍ കടത്തുന്നുവെന്നാരോപിച്ച് 2017 മുതല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം തുറമുഖങ്ങള്‍ അടച്ചിട്ടിരിക്കയാണ്. സംഘര്‍ഷം കണക്കിലെടുത്ത് തുറമുഖം തുറക്കാന്‍ സന്നദ്ധസംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments