യെമൻ: യെമനില് വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ സൻആ ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്. മകളുടെ മോചനത്തിനായി യെമനിലെത്തിയ പ്രേമകുമാരിയോട് ഇന്ന് ഉച്ചയ്ക്ക് യെമൻ തലസ്ഥാനമായ സനയിലെ ജയിലിലെത്താൻ ജയിലധികൃതർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജയിലിലെത്തിയ അവരെ നിമിഷപ്രിയയെ കാണിച്ചു. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരിയും നിമിഷപ്രിയയും പരസ്പരം കാണുന്നത്.
പ്രേമകുമാരിക്കൊപ്പം പോയ സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാൻ അനുമതി ലഭിച്ചത്. 12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും നേരിൽ കാണുന്നത്. ഏറെക്കാലത്തിന് ശേഷം മകളെ കണ്ടതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് അമ്മ പ്രേമകുമാരി. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി. ഇന്ന് തന്നെ ഗോത്രത്തലവൻമാരുമായുള്ള ചർച്ച നടക്കുന്നുണ്ട്. ഒപ്പം യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുൻനിർത്തിയുള്ള ചർച്ചകളും നടക്കുന്നുണ്ട്.
തലാൽ അബ്ദുൾ മഹ്ദിയെന്ന യെമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനി നിമിഷപ്രിയക്കെതിരായ കുറ്റം. 2017 ജൂലൈ 25ന് യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്.
വിചാരണയ്ക്ക് ശേഷം 2018ൽ യെമൻ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ പോയെങ്കിലും യെമനിലെ അപ്പീൽ കോടതിയും വധശിക്ഷ 2020ൽ ശരിവെച്ചു. തുടർന്ന് നിമിഷപ്രിയ യെമനിലെ സുപ്രീം കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്കെതിരേ നിമിഷപ്രിയ നൽകിയ അപ്പീൽ യെമൻ സുപ്രീം കോടതിയും തള്ളി. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബാംഗങ്ങൾക്ക് ബ്ലഡ് മണി (ദിയാധനം) നൽകി നിമിഷപ്രിയയുടെ മോചനം എന്ന സാധ്യത തേടിയാണ് നിമിഷയുടെ അമ്മ യെമനിലെത്തിയത്. പണം സ്വീകരിക്കാൻ കുടുംബം തയ്യാറായാൽ വധശിക്ഷ മാറി മോചനത്തിന് വഴിതെളിയും. നിമിഷപ്രിയയുടെ മോചനത്തിനുള്ള ഏക പോംവഴി ‘ബ്ലഡ് മണി’യാണെന്ന് അഭിഭാഷകരും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments