പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി പരിഗണിയ്ക്കുന്ന റിവ്യൂ ഹര്‍ജിയില്‍ വിധി എന്താകുമെന്ന ആശങ്കയിലാണ് വിധിയെ അനുകൂലിക്കുന്നവരും പ്രതിഷേധക്കാരും. വിധി വരുന്ന നവംബര്‍ 13 ചൊവ്വാഴ്ച സംസ്ഥാനത്ത് അതിശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
പ്രതിഷേധക്കാര്‍ക്ക് അനുകൂലമായ വിധി സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ അക്രമങ്ങള്‍ ഉണ്ടായാല്‍ നടപടി കര്‍ശനമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. . ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെയും സംഘത്തെയും സമാന്തര പൊലീസാവാന്‍ ഒരു കാരണവശാലും അനുവദിക്കേണ്ടതില്ലെന്ന കര്‍ക്കശ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് ഉന്നതര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതിന് ആവശ്യമെങ്കില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് നിര്‍ദ്ദേശം.
പൊലീസ് മെഗാഫോണിലൂടെ വത്സന്‍ തില്ലങ്കേരി പ്രതിഷേധക്കാരെ നിയന്ത്രിച്ചതും ഉന്നത പൊലീസ് ഉദ്യാഗസ്ഥര്‍ക്കൊപ്പം ചായ കുടിച്ചതും സോഷ്യല്‍ മീഡിയകളിലൂടെ പുറത്ത് വന്നത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. പിന്നീട് സന്നിധാനം സ്പെഷ്യല്‍ ഓഫീസറായ എസ്.പിയുടെ ഭാഗത്ത് നിന്നും വന്ന വീഴ്ചയുടെ ഉത്തരവാദിത്വം ചുമതല ഉണ്ടായിരുന്ന ഐ.ജി തന്നെ ഏറ്റെടുക്കുന്ന സാഹചര്യവും ഉണ്ടായി.
ഇനി വത്സന്‍ തില്ലങ്കേരി വന്നാല്‍ കാണിച്ചു തരാമെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. ആര്‍.എസ്.എസുമായി സന്ധി സംഭാഷണം നടത്തി ശബരിമലയില്‍ സമാധാനം സാധ്യമാക്കേണ്ടതില്ലെന്ന നിലപാടാണ് സി.പി.എം ഉന്നത നേതൃത്വവും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. വിശ്വാസി സമൂഹത്തെ വിശ്വാസത്തിലെടുക്കുകയും അതേ സമയം ആര്‍.എസ്.എസിനെ അകറ്റി നിര്‍ത്തുകയും ചെയ്യുന്ന നിലപാടാണ് ഇനി പൊലീസ് ശബരിമലയില്‍ സ്വീകരിക്കുക.
പ്രതിഷേധക്കാര്‍ ഭക്തരുടെ വേഷത്തില്‍ എത്തിയാലും ശബരിമല കയറും മുന്‍പ് കസ്റ്റഡിയിലെടുക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഘര്‍ഷമുണ്ടായാല്‍ പ്രവര്‍ത്തകര്‍ എത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് കര്‍ശന നടപടിയിലേക്ക് കടക്കാന്‍ തന്നെയാണ് ആലോചന. സുപ്രീം കോടതി വിധി എന്തു തന്നെ ആയാലും അത് നടപ്പാക്കിയിരിക്കണമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതിനായി സന്നിധാനത്തും പമ്പയിലും ഉള്‍പ്പെടെ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തുന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉള്ളവരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.
Post Your Comments