പത്തനംതിട്ട•റെക്കോര്‍ഡ് തീര്‍ഥാടകര്‍ മലകയറിയ ശബരിമല ചിത്തിരആട്ട തിരുന്നാള്‍ പൂജയ്ക്ക് ശബരിമലയില്‍ ലഭിച്ച വരുമാനത്തിന്റെ കണക്ക് പുറത്ത്. 28 ലക്ഷം രൂപയാണ് ഇത്തവണ ചിത്തിര തിരുന്നാള്‍ ആട്ടവിശേഷത്തിന് ലഭിച്ച നടവരവ്.
സ്വാമി ശരണം എന്നെഴുതിയ നൂറുകണക്കിന് പേപ്പറുകളും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം തുലാമാസ പൂജയോട് ചേർന്ന് ചിത്തിര ആട്ടത്തിരുന്നാൾ വന്നതിനാൽ പ്രത്യേകമായി നടവരവ് രേഖപ്പെടുത്തിയിട്ടില്ല. പതിമൂവായിരത്തിലധികം ആളുകളാണ് ചിത്തിരാട്ടതിരുന്നാള്‍ പൂജയക്ക് ശബരിമലയിലെത്തിയത്.
സാധാരണ ചിത്തിര ആട്ടവിശേഷത്തിന് നാലായിരത്തില്‍ താഴെ ആളുകള്‍ എത്തുന്നയിടത്താണ് 13,000 ലേറെ പേരെത്തിയത്. ഇത് വരുമാനം കൂടുന്നതിനിടയായി.
ശബരിമലയിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വ്യാപകമായിരുന്നു. ഇതേ തുടർന്ന് തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ മാത്രം വരുമാനത്തിന്റെ 44.50 ലക്ഷം രൂപയുടെ കുറവുണ്ടായിരുന്നു.
അതേസമയം, നിറപുത്തരി മുതൽ തുലാമാസ പൂജ വരെയുള്ള ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ കാലയളവില്‍ 13.11 കോടി രൂപ കിട്ടിയപ്പോൾ ഇത്തവണയത് 4.79 കോടി രൂപയായി കുറഞ്ഞിരുന്നു. പ്രളയത്തെ തുടർന്ന് ചിങ്ങമാസ പൂജകൾക്ക് ഭക്തർ എത്താതിരുന്നത് വരുമാനത്തെ പ്രതികൂലമായി ബാധിച്ചു.
Post Your Comments