തളിപ്പറമ്പ്: ബസ് സ്റ്റാന്റിലെ പൊതു ശൗചാലയം പൂട്ടിപ്പോയതിനെ തുടര്‍ന്ന് ബസ് തൊളിലാളി അകത്ത് കുടുങ്ങി. തളിപ്പറമ്പ് ബസ് സ്റ്റാന്റില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇതേ തുടര്‍ന്ന് തേര്ത്തല്ലിയിലേക്കുള്ള ബസ് ജീവനക്കാരന് ശൗചാലയത്തിനുള്ളില്‍ അരമണിക്കൂറോളം കുടുങ്ങി. ശൗചാലയത്തയത്തിന്റെ മേല്‍ നോട്ടക്കാരനായ അന്യസംസ്ഥാന തൊഴിലാളിയാണ് അകത്ത് ആളുണ്ടെന്നറിയാതെ കെട്ടിടം പൂട്ടി പോയത്.
തന്റെ ബസ് എടുക്കാനായ സമയത്താണ് ഇയാള്‍ ശൗചാലയത്തില്‍ എത്തിയത്. എന്നാല്‍ കെട്ടിടത്തിലെ മോട്ടോര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വെള്ളമില്ലെന്നും പറഞ്ഞ് ജീവനക്കാരന് വാതില്‍പൂട്ടി, ലൈറ്റണച്ച് പോകുകയായിരുന്നു. അകത്ത് കയറി പരിശോധിക്കാത്തതിനാല്‍ ആളുണ്ടെന്ന വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല. കുറച്ച് കഴിഞ്ഞതോടെ ബസ് ജീവനക്കാരന് അകത്ത് കിടന്ന് ബഹളം വയ്ക്കാന്‍ തുടങ്ങി. ഇതു കേട്ടെത്തിയ യാത്രക്കാരും സമീപത്തെ കച്ചവടക്കാരും സംഭവ സ്ഥലത്തെത്തി ഇയാളെ സമാധാനിപ്പിച്ചു. തുടര്‍ന്ന് അവിടെയെത്തിയ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് പോലീസില്‍ വിവരം അറിയിച്ച് പൂട്ട് പൊളിച്ച് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
Post Your Comments