കുവൈറ്റ് സിറ്റി: ശക്തമായ മഴയില്‍ കുവൈറ്റ് മുങ്ങി. കഴിഞ്ഞദിവസം പെയ്ത മഴയിലാണ് കുവൈറ്റില്‍ ജനജീവിതം തടസപ്പെട്ടത്. ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് മഴ പെയ്തത്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
ചില മേഖലകളില്‍ വീടുകളിലും വെള്ളം കയറി. വെള്ളം കയറിയ കെട്ടിടങ്ങളില്‍നിന്ന് അഗ്നിശമന സേനയെത്തി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയായിരുന്നു. കെട്ടിടങ്ങളില്‍ വെള്ളം കയറിയ മേഖലകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
വൈദ്യുതി സര്‍ക്യൂട്ടില്‍ വെള്ളം കയറിയാലുണ്ടാകുന്ന അപകടസാധ്യത മുന്‍നിര്‍ത്തിയായിരുന്നു ഇതെന്നു ജലം- വൈദ്യുതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ബുഷാഹരി അറിയിച്ചു. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൈവേകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. വെള്ളം കയറിയ റോഡുകളിലേക്കുള്ള പ്രവേശന കവാടങ്ങള്‍ അടച്ചതോടെ റോഡില്‍ ഇറങ്ങിയ വാഹനങ്ങളെല്ലാം ഒരിഞ്ചുപോലും ചലിക്കാന്‍ കഴിയാത്ത അവസ്ഥയിലുമായി.
വെള്ളപ്പൊക്കം നിമിത്തം ഗതാഗതം താറുമാറായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. അവധിക്കാര്യം പലരും അറിഞ്ഞതു താമസ സ്ഥലങ്ങളില്‍നിന്നു പുറപ്പെട്ട ശേഷമായതിനാല്‍ തിരിച്ചുപോക്കും പ്രയാസമായി. വെള്ളക്കെട്ടിനു പുറമെ കാറ്റില്‍ മരം ഒടിഞ്ഞുവീണും മറ്റും വഴി തടസ്സമുണ്ടായി.
Post Your Comments