നെയ്യാറ്റിന്‍കര: റോഡരികിലെ കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ പാഞ്ഞുവന്ന മറ്റൊരു കാറിനു മുന്നിലേക്ക് ചവിട്ടിയിട്ട് കൊലപ്പെടുത്തിയ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ബി. ഹരികുമാറിനെതിരേ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. സനല്‍ കാര്‍ കയറി കൊല്ലപ്പെട്ടതോടെ അനാഥരായത് ഭാര്യ വിജിയും മൂന്നര വയസുള്ള മകന്‍ ആല്‍ബിനും രണ്ടരവയസുള്ള മകള്‍ അലനുമാണ്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സനൽ ഇലക്‌ട്രിക്കല്‍, പ്ളംബിംഗ് ജോലികള്‍ ചെയ്തായിരുന്നു കുടുംബം പോറ്റിയിരുന്നത്.
സനലിന്റെ പിതാവ് ഗവ. പ്രസിലെ ജോലിക്കാരനായിരുന്ന സോമരാജന്‍ ജീവനൊടുക്കിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ആ ദു:ഖത്തില്‍ നിന്ന് കരകയറും മുന്‍പാണ് അടുത്ത ദുരന്തം. സോമരാജന്റെ മരണത്തിനു ശേഷം കഠിനാദ്ധ്വാനം ചെയ്‌ത് സനല്‍ പുതിയ വീട് നിര്‍മ്മിച്ചു. അടുത്തിടെ ഒരു ആള്‍ട്ടോ കാറും വാങ്ങി. കൊടങ്ങാവിള സ്വദേശിയും ജുവലറി ഉടമയുമായ ബിനുവിന്റെ വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഡിവൈ.എസ്.പിയുടെ കാറിനടുത്താണ്, സനല്‍ കാര്‍ കൊണ്ടിട്ടത്. തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു സനല്‍. രാത്രി പത്തിന് ബിനുവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിവന്ന ഡിവൈ.എസ്.പി തന്റെ കാര്‍ എടുക്കാനായി സനലിനോട് കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടു. സനല്‍ കാര്‍ മാറ്റുന്നതിനിടെ, ഡിവൈ.എസ്.പി ഓടിയെത്തി സനലിന്റെ ചെകിട്ടത്ത് അടിച്ച ശേഷം ഡോര്‍ വലിച്ച് അടച്ചു. ഇതോടെ സനല്‍ കാര്‍ മുന്നോട്ടെടുത്തിട്ടു. പിന്നാലെ അവിടേക്ക് ഓടിയെത്തിയ ഡിവൈ.എസ്.പി ‘നീ ഇതേ വരെ പോയില്ലേടാ, നിന്നെ ഞാന്‍ കൊണ്ടു പോകാമെടാ’ എന്ന് ആക്രോശിച്ച് സനലിനെ കാറില്‍ നിന്ന് വലിച്ചിറക്കി. ചവിട്ടുകയും അടിക്കുകയും ചെയ്ത ശേഷം കൈ പിന്നിലേക്ക് പിടിച്ച് ഒടിച്ച ശേഷം റോഡിലേക്ക് ശക്തിയോടെ ചവുട്ടി തള്ളുകയായിരുന്നു.
റോഡിലൂടെ വേഗതയിലെത്തിയ കാര്‍ സനലിനെ ഇടിച്ചു വീഴ്‌ത്തി. സ്ഥലത്തെത്തിയ പൊലീസ്, സനലിന്റെ കൈയില്‍ ബലമായി ചവിട്ടിപ്പിടിച്ചു. പൊലീസിന്റെ എമര്‍ജന്‍സി ജീപ്പില്‍ എസ്.ഐ സന്തോഷ് കുമാര്‍, സനലിനെ നേരെ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടു പോകുകയായിരുന്നു.-
Post Your Comments