KeralaLatest NewsIndia

മലചവിട്ടുന്നതിനു സംരക്ഷണം ആവശ്യപ്പെട്ട് യുവതികൾ സമീപിച്ചിട്ടില്ലെന്ന് പോലീസ്, ബിജെപിയുടെ സുപ്രധാന നേതാക്കൾ ശബരിമലയിൽ ഉള്ളതായി സൂചന

ലഹളകളുണ്ടാകുമ്പോള്‍ കണ്ണീര്‍വാതക ഷെല്ലുകള്‍ തൊടുക്കുന്ന 'വജ്ര', ജലപീരങ്കിയായ 'വരുണ്‍' എന്നിവയടക്കമുള്ള സന്നാഹമാണു പൊലീസിന്റേത്.

ശബരിമല: യുവതികളെ പൊലീസിന്റെ പത്മവ്യൂഹത്തിലാക്കി സന്നിധാനത്തെത്തിക്കാന്‍ സര്‍ക്കാര്‍ ഒരുമ്പെട്ടാൽ തടയാനുള്ള നീക്കം ബിജെപി നടത്തുമെന്നു സൂചന. ബിജെപിയുടെ സമുന്നതരായ നേതാക്കളായ കെ സുരേന്ദ്രനും വി വി രാജേഷും ശബരിമലയിലുള്ളതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ശബരിമലയുടേയും പരിസര പ്രദേശത്തിന്റേയും സുരക്ഷ ഏറ്റെടുത്തു കഴിഞ്ഞു.

ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ അൻപത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ 50 വയസ്സിനു മുകളിലുള്ള വനിതാ പോലീസിനെ സന്നിധാനത്ത് നിയോഗിച്ചു കഴിഞ്ഞു.യുവതികള്‍ ദര്‍ശനത്തിനുവന്നാല്‍ തടസ്സമുണ്ടാക്കാന്‍ അനുവദിക്കില്ല, എന്നാല്‍, വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും പൊലീസ് പറഞ്ഞു.

തുലാമാസ പൂജാസമയത്തുണ്ടായ ഭക്തരുടെ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.യുവതീപ്രവേശനം എതിര്‍ത്ത് സന്നിധാനത്തോ വലിയ നടപ്പന്തലിലോ പ്രതിഷേധമുണ്ടാകുന്നത് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. സന്നിധാനത്ത് പ്രതിഷേധമുണ്ടായാല്‍ എതിര്‍ക്കുന്നവരെ നീക്കുന്നതിന് പരിമിതികളുണ്ട്. അതിനാല്‍ സൂക്ഷ്മനിരീക്ഷണത്തിലൂടെ ഘട്ടംഘട്ടമായി തീര്‍ത്ഥാടകരെ കടത്തിവിടുകയെന്നതാണ് പൊലീസിനുമുന്നിലുള്ള മാര്‍ഗം.

പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ കാട്ടുവഴികളിലൂടെ സന്നിധാനത്തെത്തുമെന്നു സൂചന. ഇന്നു വൈകിട്ട് അഞ്ചിനു നടതുറക്കുന്നതു മുതല്‍ നാളെ രാത്രി പത്തിന് അടയ്ക്കുന്നതുവരെ ബിജെപിക്കാര്‍ സന്നിധാനത്തുണ്ടാകും. മാധ്യമപ്രവര്‍ത്തകരെപ്പോലും നിലയ്ക്കലില്‍ തടഞ്ഞാണ് പൊലീസ് സുരക്ഷ ഒരുക്കുന്നത്. ചെറിയ സംഘങ്ങളായി അഞ്ചു ജില്ലകളില്‍ നിന്നുള്ള ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരും സന്നിധാനത്തുണ്ടാകുമെന്നാണ് സൂചന. ലഹളകളുണ്ടാകുമ്പോള്‍ കണ്ണീര്‍വാതക ഷെല്ലുകള്‍ തൊടുക്കുന്ന ‘വജ്ര’, ജലപീരങ്കിയായ ‘വരുണ്‍’ എന്നിവയടക്കമുള്ള സന്നാഹമാണു പൊലീസിന്റേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button