ഉത്തരാഖണ്ഡിലെ കേദാർനാഥിൽ 2013 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നഷ്‌ടമായ ഭാര്യയ്ക്കായി ഭർത്താവ് കാത്തിരുന്നത് രണ്ട് വർഷം. രാജസ്ഥാനിലെ അജ്മീറിൽ ഒരു ട്രാവൽ ഏജൻസിയിൽ ജോലി ചെയ്‌തിരുന്ന വിജേന്ദ്രസിങ് റാത്തോർ എന്നയാൾക്കാണ് തന്റെ ഭാര്യയെ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടത്. ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ട്. 2013 ൽ കേദാർനാഥിലേക്കുള്ള യാത്രയിൽ ഭാര്യ ലീലയും ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. ഇവർ ഉത്തരാഖണ്ഡിലെത്തിയതിനു പിന്നാലെ വെള്ളപ്പൊക്കമുണ്ടായി. ഭാര്യയെ കാണാതായി. ആരെയും പരിചയമില്ലാത്ത ഇടത്ത് ഭാര്യയെ തേടി ഒറ്റയ്ക്ക് വിജേന്ദ്രസിങ് യാത്ര ചെയ്‌തു.
ഭാര്യയില്ലാതെ ഉത്തരാഖണ്ഡ് വിട്ടു പോകാൻ വിജേന്ദ്ര തയ്യാറായില്ല. ഒടുവിൽ ലീല മരിച്ചുവെന്നു സർക്കാർ രേഖപ്പെടുത്തി. വിജേന്ദ്രയ്ക്കു ഒൻപതു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകി. എന്നാൽ അതു സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. കാരണം ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് തന്നെയായിരുന്നു വിശ്വാസം. ഒടുവിൽ 2015 ജനുവരി 27ന് ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തിലുള്ളവർ വിജേന്ദ്രയോട് ഭാര്യയെക്കുറിച്ച് സൂചന നൽകി. മാനസിക പ്രശ്നമുള്ള ഒരു സ്ത്രീയെ കണ്ടെന്നും ലീലയോടു സാമ്യമുണ്ടെന്നുമായിരുന്നു അവർ അറിയിച്ചത്. ഒടുവിൽ ഇരുവരും കണ്ടുമുട്ടി. എന്നാൽ ലീലയുടെ മാനസികനില തെറ്റിയിരുന്നു. ഇപ്പോൾ മാനസിക നിലയിൽ പുരോഗതിയുണ്ടെന്നാണ് വിജേന്ദ്ര വ്യക്തമാക്കുന്നത്.
Post Your Comments